ഉപ്പള: അംഗീകാരമില്ലാതെ കോവിഡ് ടെസ്റ്റ് നടത്തി വ്യാജ റിപ്പോർട്ടുകൾ നൽകുന്നു എന്നാരോപിച്ച് ഡോക്ടർസ് ലാബിനെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർസ് ലാബ് മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു.
നിലവിൽ കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള എല്ലാ അനുമതിയും ഡോക്ടർസ് ലാബിനുണ്ട്. സർക്കാർ മാനദണ്ഡം പാലിച്ച് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കോവിഡ് പരിശോധന നടത്തുന്നത്. സർക്കാരിന്റെ കീഴിലുള്ള ഇമേജ് വേസ്റ്റ് മാനേജ്മെന്റ് ആണ് ഉപയോഗിച്ച പി പി കിറ്റുകൾ നിർമ്മാർജനത്തിനായി നിതമാനുസൃതം കൊണ്ട് പോകുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ, സ്റ്റേറ്റ് -ജില്ലാ കോവിഡ് സെൽ ഡിപ്പാർട്മെന്റ് എന്നിവരുടെ കൃത്യമായ അനുമതിയോടെയാണ് ലാബ് പ്രവർത്തിക്കുന്നത്. ജില്ലയിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ അനുമതിയുള്ള ലാബുകളുടെ ലിസ്റ്റിലും ഡോക്ടർസ് ലാബുണ്ട്.
പോലീസ് കേസെടുത്തു എന്ന് പറയുന്ന തീയതിയിലും, അതിന് ശേഷവും, കോവിഡ് ടെസ്റ്റ് ഡോക്ടർസ് ലാബിന്റെ പ്രത്യേക സെന്ററിൽ ചെയ്യുന്നുണ്ട്. ജില്ലയിൽ ലബോറട്ടറി മേഖലയിൽ അത്യാധുനിക മെഷിനുകൾ പരിചയപ്പെടിത്തുകയും, സാധാരണക്കാർക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ഡോക്ടർസ് ലാബിന്റെ ഉയർച്ചയിൽ അസൂയ പൂണ്ട ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണമെന്നും മാനേജ്മെന്റ് വിശദീകരിച്ചു. നിലവിൽ പോലീസ് എടുത്ത കേസ് വീട്ടിൽ പോയി സ്രവം എടുത്തു എന്ന സംഭവത്തിൽ 3000 രൂപ പിഴ മാത്രമാണ് ഒടുക്കേണ്ടത്. ഈ ചെറിയ കാര്യത്തെ പർവതികരിച്ചു പൊതുജനത്തിനിടയിൽ തെറ്റിദ്ധാരണ പരത്തും വിധം വാർത്ത നൽകിയ ചില മാധ്യമങ്ങൾ ആടിനെ പട്ടിയാക്കിയാൽ ജനം തിരിച്ചറിയുമെന്നും പത്രകുറിപ്പിൽ ഓർമ്മിപ്പിച്ചു. നിലവിൽ കോവിഡ് ടെസ്റ്റ് സംബന്ധിച്ച അപ്പോയ്ന്റ്മെന്റ് ഡോക്ടർസ് ലാബിൽ നേരിട്ടോ, ഫോൺ മുഖേനയോ ബന്ധപെട്ടു ചെയ്യാമെന്നും മാനേജ്മെന്റ് അറിയിച്ചു.