കൊച്ചി: ലൈഫ് മിഷന് ഇടപാടിലും എം ശിവശങ്കര്‍ കുടുങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോഴ കിട്ടിയെന്നതിന് തെളിവ് കേന്ദ്ര ഏജന്‍സി കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ ഇനി കേസില്‍ നിര്‍ണ്ണായകമാകും. ലൈഫ് മിഷന് പദ്ധതിക്ക് കമ്മീഷന് നല്‍കുന്നതിനായി കരാറുകാരന് യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പന് വാങ്ങിയ ആറ് ഐ ഫോണുകളില്‍ ഒന്ന് ശിശവങ്കറിന് നല്‍കിയിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
സന്തോഷ് ഈപ്പന് ഐ ഫോണ്‍ വാങ്ങിയത് അഴിമതിയുടെ ഭാഗമാണെന്നാണ് കണ്ടെത്തല്‍.
അതുകൊണ്ട് തന്നെ ലൈഫ് മിഷന് ഇടപാടിലെ വിദേശ സഹായത്തിന്റെ പങ്കില്‍ ഒരു ഭാഗം ശിവശങ്കറിന് കിട്ടിയെന്ന് വ്യക്തി. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് സന്തോഷ് ഈപ്പന് ഫോണ്‍ വാങ്ങി നല്‍കിയത്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ ഇഡിക്ക് ശിവശങ്കര്‍ മൊഴിയും നല്കി. സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയിസും ഇതിന് തെളിവാണ്. ഇതുപ്രകാരം ആറ് ഫോണുകള്‍ വാങ്ങിയെന്നും അഞ്ചെണ്ണം സ്വപ്നയ്ക്ക് നല്‍കിയെന്നാണ് സന്തോഷ് ഈപ്പന് പറയുന്നത്.
ഈ ഫോണുകളുടെ കോഡ് നമ്ബര്‍ പരിശോധിച്ചാല്‍ ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെന്ന് മനസ്സിലാക്കാനാകും. നേരത്തെ ഈ ഫോണുകളില്‍ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന വാദം ചര്‍ച്ചയായിരുന്നു. ഇതോടെ മൊബൈല്‍ ആരുടെ കൈയിലാണെന്ന് ശാസ്ത്രീയമായി കണ്ടെത്തണമെന്ന് ചെന്നിത്തല ഡിജിപിയോട് അവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണം ഒന്നും നടന്നില്ല. ഇതിനിടെയാണ് ഈ ഫോണില്‍ ഒന്ന് ശിവശങ്കറിന് കിട്ടിയെന്ന നിര്‍ണ്ണായക വിവരം പുറത്തു വരുന്നത്.
ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഭാഗിക വിലക്ക് നീങ്ങിയാല്‍ സിബിഐയുടെ അന്വേഷണം ശിവശങ്കറിലേക്കും എത്തും. ഇക്കാര്യം ഹൈക്കോടതിയെ സിബിഐ അറിയിക്കാനും സാധ്യതയുണ്ട്. സന്തോഷ് ഈപ്പനെതിരായ അന്വേഷണം സിബിഐ തുടരുകയാണ്. എന്നാല്‍ ലൈഫ് മിഷന് സിഇഒ യു.വി ജോസ് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായ അന്വേഷണം ഹൈക്കോടതി താത്ക്കാലികമായി വിലക്കിയിരുന്നു. ഇത് നീക്കാന്‍ സിബിഐയുടെ ഭാഗത്തുനിന്ന് നീക്കം തുടരുകയാണ്.
ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. കോടതി നിര്‍ദ്ദേശം പാലിച്ച് രാവിലെ ഒമ്ബത് മണിമുതല്‍ വൈകിട്ട് ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍. കോടതി ഏഴ് ദിവസത്തേക്ക് ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ലൈഫ് മിഷനില്‍ സിബിഐയ്ക്ക് വേണ്ടിയും ഇഡിയുടെ ചോദ്യങ്ങള്‍ ശിവശങ്കറിന് മറുപടി പറയാനായെത്തും. ഇതിലെ മൊഴികളും ലൈഫ് മിഷന് കേസില്‍ നിര്‍ണ്ണായകമാകും.
സ്വപ്ന സുരേഷ് നടത്തിയ കുറ്റകൃത്യങ്ങള്‍ ശിവശങ്കറിന്റെ അറിവോടെയെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കറിനു സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ ഏഴുദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ സംബന്ധിച്ച ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ ഒഴിഞ്ഞുമാറിയെന്നും സഹകരിച്ചില്ലെന്നും ഇ.ഡി. കോടതിയില്‍ ബോധിപ്പിച്ചു. അനധികൃതപണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്വപ്നയെ ശിവശങ്കര്‍ സഹായിച്ചതിനു തെളിവുണ്ട്. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങള്‍ ശിവശങ്കറുടെ അറിവോടെയാണെന്ന് ഇതില്‍നിന്നു വ്യക്തം.
സ്വപ്ന നേടിയ കള്ളപ്പണത്തില്‍ ശിവശങ്കറിനു പ്രത്യേകതാത്പര്യമുണ്ടായിരുന്നെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. സ്വപ്നയെ സഹായിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞതും തെളിവാണ്. കുറ്റകൃത്യത്തില്‍നിന്നു നേടിയ പണം ശിവശങ്കറിന്റേതാവാനും സാധ്യതയുണ്ട്. സ്വര്‍ണമൊളിപ്പിച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസുമായി ബന്ധപ്പെട്ടെന്നു ശിവശങ്കര്‍ സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിനെ ഇന്നലെ രാവിലെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. ആവശ്യപ്പെട്ടതെങ്കിലും ഏഴുദിവസമേ അനുവദിച്ചുള്ളൂ.
പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കു പിന്നാലെ, കേസിലെ അഞ്ചാംപ്രതിയാണു ശിവശങ്കര്‍. രാവിലെ ഒന്പതുമുതല് വൈകിട്ട് ആറുവരെയേ ചോദ്യംചെയ്യാവൂ, ആയുര്‍വേദചികിത്സ നല്‍കണം, തുടര്‍ച്ചയായി മൂന്നുമണിക്കൂര്‍ ചോദ്യംചെയ്താല്‍ ഒരുമണിക്കൂര്‍ വിശ്രമം അനുവദിക്കണം, ബന്ധുക്കളെയും അഭിഭാഷകനെയും കാണാന്‍ അനുവദിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു കസ്റ്റഡി അനുവദിച്ചത്.