എഐ ക്യാമറ പുതിയ വിവാദത്തിൽ: സ്വകാര്യ വാഹനത്തിന്റെ ഉൾഭാഗം സ്വകാര്യ ഇടം;
അനുവാദമില്ലാതെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം
കൊച്ചി : സ്വകാര്യ ഇടങ്ങളിൽ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങൾ പകർത്തുന്നതു നിയമപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നു നിയമവിദഗ്ധർ പറയുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ പകർത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ, നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ വാഹനത്തിന്റെ ഉൾഭാഗം സ്വകാര്യ ഇടമായതിനാൽ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങൾ എടുക്കാനെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളിൽ ദമ്പതികളുടെ സ്നേഹപ്രകടനങ്ങൾ അവരുടെ അറിവില്ലാതെ പകർത്തുന്നത് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ്.