ബോളിവുഡ് നടന്‍ സതീഷ് കൗശിക് അന്തരിച്ചു
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. ബുധനാഴ്ച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടൻ അനുപം ഖേർ ആണ് വിവരം അറിയിച്ചത്.
‘എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ്! എന്നാൽ ജീവിച്ചിരിക്കുമ്പോൾ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ് നൽകേണ്ടി വന്നു. നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്! ഓം ശാന്തി!’, അനുപം ഖേർ ട്വീറ്റ് ചെയ്തു.
ഗുരുഗ്രാമിൽ ഒരാളെ സന്ദർശിക്കാനെത്തിയ കൗശികിന്റെ ആരോഗ്യനില വഷളാകുകയും കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുംബൈയിലേക്ക് കൊണ്ടുവരും.
നടൻ, സംവിധായകൻ, നിർമ്മാതാവ്, ഹാസ്യനടൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സതീഷ് കൗശിക്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.
‘മിസ്റ്റർ ഇന്ത്യ’, ‘ദീവാന മസ്താന’, ‘ബ്രിക്ക് ലെയ്ൻ’, ‘സാജൻ ചലെ സസുരാൽ’ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘രൂപ് കി റാണി ചോറോൻ കാ രാജ’, ‘പ്രേം’, ‘ഹം ആപ്‌കെ ദിൽ മേ രേഹ്തേ ഹേ’, ‘തേരേ നാം’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.