ഫിഫ ലോകകപ്പ് ട്രോഫി ഖത്തറിലെത്തി;ആറ് കിലോഗ്രാം തങ്കം കൊണ്ടാണ് ട്രോഫി നിർമ്മിച്ചത്
ദോഹ: 50 ലധികം രാജ്യങ്ങളും പ്രദേശങ്ങളും ഉൾപ്പെടുന്ന ആഗോള പര്യടനത്തിനൊടുവിൽ യഥാർത്ഥ ഫിഫ ലോകകപ്പ് ട്രോഫി ഞായറാഴ്ച രാവിലെ ദോഹയിലെത്തി. കഴിഞ്ഞ മെയ് മാസത്തിൽ ദുബൈയിൽ ആരംഭിച്ച ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനം ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളും മറ്റ് പല രാജ്യങ്ങളും സന്ദർശിച്ച ശേഷമാണ് ലോകകപ്പ് ട്രോഫി ഖത്തറിൽ എത്തിയത്.
2006ലാണ് ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനം എന്ന ചടങ്ങ് ആരംഭിച്ചത്. ലോകകപ്പ് ട്രോഫി ഇപ്പോൾ മുതൽ ലോകകപ്പിന്റെ അവസാന മത്സരം വരെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെയും (എസ്.സി) ഫിഫയുടെയും മേൽനോട്ടത്തിൽ തുടരും, പിന്നീട് അത് വിജയിക്കുന്ന ടീമിന് കൈമാറും.
ഫിഫ നിയമങ്ങൾ അനുസരിച്ച്, മുൻ ചാമ്പ്യൻമാർക്കും രാഷ്ട്രത്തലവന്മാർക്കും മാത്രമേ കപ്പിൽ തൊടാൻ അവകാശമുള്ളൂ, അത് വിജയിക്കുന്ന ടീം താൽക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികൾക്ക് ടൂർണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങൾ, വിജയികളായ ടീമുകൾ എന്നിവയുടെ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സ്വർണ്ണം പൂശിയ പകർപ്പ് ലഭിക്കും. അതേസമയം, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, സ്വർണ്ണം കൊണ്ട് നിർമ്മിച്ച യഥാർത്ഥ ട്രോഫി ഫിഫയ്ക്ക് തിരികെ നൽകുന്നു.
വിജയിക്കുന്ന ടീമിന് ട്രോഫി നൽകുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള തങ്കം കൊണ്ടാണ് ട്രോഫി നിർമ്മിച്ചിരിക്കുന്നത്. അതിന്റെ ഉപരിതലത്തിൽ ഭൂഗോളത്തെ ഉയരത്തിൽ വഹിക്കുന്ന രണ്ടുപേരെ കൊത്തിവച്ചിരിക്കുന്നു, അതിന്റെ ഇപ്പോഴത്തെ ഡിസൈൻ 1974 മുതലുള്ളതാണ്.