ദേശിയ പാത വികസനം;
ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം: പ്രതിഷേധ സംഗമം 25-ന്
ഉപ്പള: ദേശിയ പാത ആറുവരി പ്രവൃത്തിയുടെ ഭാഗമായി ഉപ്പള ഹിദായത്ത് നഗറിൽ വെഹിക്കിൾ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അണ്ടർ പാസേ ജ് സ്ഥാപിക്കണമെന്നാവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25ന് ( ചൊവ്വാഴ്ച) 10 മണിക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഉപ്പള നഗരത്തോട് ചേർന്ന് കിടക്കുന്നതും ഏറെ ജനസാന്ദ്രതയുള്ളതുമായ ഹിദായത്ത് നഗർ പ്രദേശത്ത് അണ്ടർ പാസേജ് നിർമിക്കണമെന്ന് നിർമാണ പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് തന്നെ ദേശിയ പാത അതോറിറ്റിയോടും കരാർ കമ്പനി അധികൃതരോടും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഹിദായത്ത് നഗറിൽ അടിപ്പാത വേണമെന്ന ആവശ്യത്തെ നിരാകരിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. തലപ്പാടി – ചെങ്കള റീച്ചിൽ വിവിധയിടങ്ങളിൽ അടിപ്പാത അനുവദിച്ചപ്പോഴും ഹിദായത്ത് നഗറിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും, ആരാധനാലയങ്ങളുമുള്ള പ്രദേശമാണിത്. നിരവധിയാളുകൾ നിത്യേനയെത്തുന്ന ഹോമിയോ ആസ്പത്രി, വയോജനങ്ങളുടെ ആശാ കേന്ദ്രമായ ഓൾഡ് ഏജ് ഹോം, ലേഡീസ് ഹോസ്റ്റൽ എന്നിവയും ഹിദായത്ത് നഗറിലുണ്ട്.അടിപ്പാത നിർമിച്ചില്ലെങ്കിൽ ആറു കിലോമീറ്ററിലധികം ദൂരം വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരും’. അണ്ടർ പാസേ ജ് വിഷയത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. മാത്രമല്ല അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് ചെന്ന് ദേശീയ പാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനും നിവേദനം നൽകാനും കർമസമിതി തീരുമാനിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ , കൺവീനർ അബു തമാം, ട്രഷറർ ഹനീഫ് ഗോൾഡ് കിങ്ങ് ,ജോ. കൺവീനർ മുരുകേഷ് പച്ചിലമ്പാറ, വൈസ് ചെയർമാൻ യൂസഫ് പെൻഗോൾഡ് എന്നിവർ സംബന്ധിച്ചു.
ദേശിയ പാത വികസനം; ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം: പ്രതിഷേധ സംഗമം 25-ന്
Read Time:3 Minute, 10 Second