കുമ്പള ഹയർ സെക്കണ്ടറിക്കെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം ; പി ടി എ
കുമ്പള: കുമ്പള ഹയർ സെക്കന്ററിക്കെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് പി ടി എ.
സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ചിലർ ചേർന്ന് റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂളിൽ നിന്ന് പിരിഞ്ഞു പോയ ഒരു പഴയ വിദ്യാർത്ഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ മർദ്ദിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും അതിനെതിരെ പി ടി എ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ വിട്ടതിനു ശേഷം ടൗണിലാണ് സംഭവം നടന്നത്. വസ്തുതകൾ ഇങ്ങനെയായിട്ടും ചിലർ സാമൂഹിക മാധ്യമങ്ങളിൽ സ്കൂളിനെതിരെയും കുട്ടികൾക്കെതിരെയും നുണകൾ പ്രചരിപ്പിക്കുന്നതായും ഇത് വിദ്യാർത്ഥികൾക്ക് ഇറങ്ങി നടക്കാനാവാത്ത വിധം മാനഹാനി വരുത്തിയതായും ഭാരവാഹികൾ പറഞ്ഞു.
എവിടെയോ നടന്ന മറ്റു സംഭവങ്ങളെ കുമ്പള സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.
ഇത്തരം ഹീന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട രക്ഷിതാക്കളും നല്ലവരായ നാട്ടുകാരും മുഖവിലക്കെടുക്കാതെ തള്ളണമെന്നും സ്കൂളിന്റെ സുഗമമായ പ്രയാണത്തിൽ കൂടെയുണ്ടാകണമെന്നും പി ടി എ അഭ്യർത്ഥിച്ചു. പ്രസിഡന്റ് അഹമ്മദലി കുമ്പള, വൈസ് പ്രസിഡന്റ് യൂസുഫ് ഉളുവാർ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്ഫ് കർളെ , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ്, പ്രിൻസിപ്പാൾ ദിവാകരൻ, ഹെഡ് മാസ്റ്റർ കൃഷ്ണ മൂർത്തി, പി ടി എ സെക്രട്ടറി രവി മാസ്റ്റർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.