“മോദി ഭരണകൂടം എൻ്റെ വാക്കുകളെ ഭയക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു” : റാണാ അയ്യൂബ്

0 0
Read Time:21 Minute, 38 Second

“മോദി ഭരണകൂടം എൻ്റെ വാക്കുകളെ ഭയക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു” : റാണാ അയ്യൂബ്

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തടസങ്ങള്‍ മറികടന്ന് ഫെസ്റ്റിവല്‍ വേദിയിലെത്തി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇത് ഇറ്റലിയാണ്. ഞാന്‍ ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. രാജ്യം വിട്ട് സഞ്ചരിക്കാനുള്ള അനുമതി തേടി ഒരു പിടികിട്ടാപുള്ളിയെ പോലെ ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ച് വളരെ വിഷമം നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു. രണ്ടാമതും ഞാന്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കപ്പെട്ടു, എന്നെ കണ്ടാല്‍ തിരിച്ചറിയുന്ന ഇന്ത്യക്കാരൊക്കെ ഫോട്ടോയെടുക്കുകയും ‘ഓ അവളെ വീണ്ടും കസ്റ്റഡിയിലെടുത്തോ’ എന്നും പറയുന്നുണ്ടായിരുന്നു. എന്റെ വാര്‍ത്തയും ചിത്രവുമായിരുന്നു പത്രങ്ങളുടെ മുന്‍പേജില്‍.

പക്ഷെ ഇന്നിവിടെ നിന്ന് നിങ്ങളോരോരുത്തരോടും സംസാരിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നുണ്ട്. ജേണലിസത്തെക്കുറിച്ച് പറയാനുള്ളതു കൊണ്ടല്ല അത്; ഇന്ത്യയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. അത് ഏറെ ഉറക്കെ വ്യക്തമായി പറയപ്പെടേണ്ട ഒരു വിഷയമാണ്. ഇന്ത്യ റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഈ സന്ദര്‍ഭത്തില്‍, പക്ഷെ അതിനെക്കാള്‍ പ്രധാനമായ ചില കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. അതിനു മുമ്പ് ഞാന്‍ എന്നെ പരിചയപ്പെടുത്താം. വാഷിങ്ടണ്‍ പോസ്റ്റിലെ കോളം എഴുത്തുകാരിയാണ് ഞാന്‍. ഞാനൊരു പത്രപ്രവര്‍ത്തകയാണ്, അതോടൊപ്പം ഒരു മുസ്‌ലിമാണ്. ഇടതു കൈയിലും വലതു കാലിലും പോളിയോ ബാധിച്ച് ജനിച്ച ഒരു വികലാംഗയായിരുന്ന ഞാന്‍ അത്ഭുതകരമായി അസുഖത്തില്‍ നിന്ന് മുക്തി നേടി.

എനിക്ക് ഒമ്പത് വയസുള്ളപ്പോഴാണ് ഞാനും എന്റെ പതിനഞ്ചു വയസുകാരി സഹോദരിയും ബോംബെയിലെ മുസ്‌ലിം വിരുദ്ധ കലാപത്തിനിടയില്‍ വെച്ച് കലാപകാരികളാല്‍ വീടിനുള്ളിൽ കൂട്ടബലാല്‍സംഗം ചെയ്യപ്പെടുന്നതിന്റെ വക്കിലെത്തിയത്. അവിടുന്ന് കൃത്യസമയത്ത് ഒരു സിഖുകാരന്‍ ഞങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. അന്ന്, ആ ഒമ്പതു വയസുള്ള സമയത്താണ് ഞാന്‍ ഒരു മുസ്‌ലിം ആയും അഭയാര്‍ഥിയായും സ്വയമേവ തിരിച്ചറിയുന്നത്. എന്റെ ജീവിതത്തിലെ വളരെ നേരത്തെത്തന്നെ ഞാനെന്റെ മതകീയ സ്വത്വത്തെ തിരിച്ചറിഞ്ഞു. അതിനും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം, എനിക്കു 19 വയസുള്ളപ്പോഴാണ് ഗുജറാത്തില്‍ താമസിക്കവേ ഇന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്രമോദിയുടെ അറിവനുവാദത്തോടെ ആയിരക്കണക്കിന് മുസ്‌ലിംകളെ മൂന്നു ദിവസം കൊണ്ട് കൂട്ടക്കശാപ്പ് ചെയ്ത സംഭവം അരങ്ങേറിയത്. ഞാന്‍ ആ ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തകയായി കടന്നു ചെന്നപ്പോഴാണ് എനിക്കെന്തെങ്കിലും ചെയ്യണമെന്നും നിസ്സഹായയി തോന്നുന്ന മാനസികാവസ്ഥയില്‍ നിന്നും പുറത്തുകടക്കണമെന്നും തീരുമാനിക്കുന്നത്.

അത് വല്ലാത്തൊരു മാനസികാവസ്ഥയാണ്. അംഗപരിമിതയായ ഒരു കുട്ടിയാണ് നിങ്ങളെങ്കില്‍ ഒട്ടേറെ സഹതാപം നിങ്ങള്‍ക്കു മേല്‍ ചൊരിയപ്പെടും. എനിക്കാ സഹതാപത്തില്‍ നിന്നും രക്ഷ നേടണമായിരുന്നു. രാജ്യത്ത് പതിറ്റാണ്ടുകളായി അനീതിയനുഭവിക്കുന്ന ജനതയ്ക്കു വേണ്ടി ഞാനറിഞ്ഞ സത്യം വിളിച്ചു പറയുകയും വേണമായിരുന്നു. അതിനു വേണ്ടിയാണ് ഞാനൊരു ജേണലിസ്റ്റായത്. തുടക്കത്തില്‍ പല ചാനലുകളിലും മറ്റും ജോലി ചെയ്തതിനു ശേഷം തെഹല്‍കയെന്ന പ്രസിദ്ധീകരണത്തില്‍ ഞാന്‍ ജോലിക്ക് കയറി. ആദ്യത്തെ ഇന്‍വെസ്റ്റിഗേഷനുമായി ഞാന്‍ പോയത് മുസ്‌ലിംകളെ ഏറ്റുമുട്ടല്‍ കൊല ചെയ്തതിന് അന്ന് ജയിലില്‍ കിടക്കുകയായിരുന്ന ഗുജറാത്ത് ആഭ്യന്തര മന്ത്രിയുടെ അടുക്കലേക്കാണ്. ഇന്നയാള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെയാളാണ്; പേര് അമിത് ഷാ. അയാളാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി.

ആ ഇന്‍വെസ്റ്റിഗേഷനു പിന്നാലെ ഞാന്‍ മഫ്തിയിലാണ് പോയത്. ഒരു ഹിന്ദു അമേരിക്കന്‍ പെണ്‍കുട്ടിയെന്ന വ്യാജേന, വ്യാജ ഐഡന്റിറ്റിയും അമേരിക്കന്‍ സംസാരശൈലിയും ഒപ്പം ശരീരത്തില്‍ എട്ട് കാമറകളും. 2010-ലായിരുന്നു അത്. മോദി സര്‍ക്കാരിന്റെ ഫയലുകളിലേക്ക് ഞാന്‍ നുഴഞ്ഞു കയറി. മോദി സര്‍ക്കാരിൻ്റെ ഭാഗമായിരുന്ന എല്ലാ പ്രമുഖ വ്യക്തികളുടെയടുക്കലേക്കും സ്റ്റിങ് ഓപ്പറേഷനുമായി ഏഴ് മാസം നടന്നു. അവരെല്ലാം മുസ്‌ലിം വംശഹത്യയെക്കുറിച്ചും വ്യാജ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചും എന്നോട് സത്യം പറഞ്ഞു. ആ തെളിവുകളെല്ലാം കൊണ്ട് ഞാനെന്റെ സ്ഥാപനത്തിലേക്ക് ചെന്നപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന പേരു പറഞ്ഞ് അവരത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല.

എനിക്കപ്പോള്‍ പ്രായം 26 വയസ്. തന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രസിദ്ധീകരിക്കപ്പെടാതെ ജീവിതം ദുഷ്‌കരമാവുന്ന ഘട്ടം ഒരു ജേണലിസ്റ്റെന്ന നിലയില്‍ ഏറെ വിഷമം പിടിച്ചതാണ്. ഞാന്‍ വലിയ മാനസിക സമ്മര്‍ദത്തിലായി. ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ചു തുടങ്ങുന്നത് അന്നു മുതലാണ്. തീര്‍ച്ചയായും ഞാന്‍ ജീവിതം തിരിച്ചു പിടിക്കുന്നുണ്ടായിരുന്നു. പല മാധ്യമ സ്ഥാപനങ്ങളെയും ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാന്‍ സഹായമഭ്യര്‍ഥിച്ചു. അവരെല്ലാം നിരസിച്ചു. ആ ടേപ്പുകളെല്ലാം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച് പ്രസിദ്ധീകരണാലയങ്ങളിലും കയറിയിറങ്ങി. അപകടം പിടിച്ച ബുക്കായിരിക്കുമതെന്ന് പറഞ്ഞ് അവരും കൈമലര്‍ത്തി.

എന്റെ ഉമ്മ എനിക്കു വേണ്ടി കുറച്ച് സ്വര്‍ണം കരുതി വെച്ചിരുന്നു. വിവാഹത്തിനു വേണ്ടി സ്വര്‍ണം സ്വരുക്കൂട്ടി വെക്കുന്ന പാരമ്പര്യമവിടുണ്ട്. ഞാനാ സ്വര്‍ണം പണയം വെച്ചു ലോണെടുത്തു. ഞാനെന്റെ പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചു. അതാണ് ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്’. എന്റെ പുസ്തകത്തിന് അധികം മാധ്യമ ശ്രദ്ധയൊന്നും ലഭിച്ചില്ലെങ്കിലും, ഞങ്ങള്‍ക്കെതിരെ ആയുധമായി പ്രവര്‍ത്തിപ്പിച്ച അതേ സോഷ്യല്‍ മീഡിയക്ക് കൂടുതല്‍ ജനാധിപത്യപരമായ ഇടം തുറക്കുവാനും കഴിയുമായിരുന്നു. എന്റെ പുസ്തകത്തെ 14 ഭാഷകളിലായി 7,50,000 കോപ്പികള്‍ വിറ്റഴിഞ്ഞ ഇന്റര്‍നാഷനല്‍ ബെസ്റ്റ് സെല്ലറായി മാറ്റാന്‍ ആ മാധ്യമത്തിനു കഴിഞ്ഞു. പക്ഷെ, ഇന്നുവരെ ഇന്ത്യയിലെ കോടതികള്‍ കേസന്വേഷണത്തിന്റെ ഭാഗമായി എന്റെ ടേപ്പുകള്‍ അവലംബിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ഞാനൊരു ഫ്രീലാന്‍സ് സ്വതന്ത്ര പത്രപ്രവര്‍ത്തകയായി മാറി. കാരണം, 2014-നു മുമ്പ് എനിക്കു മുന്നില്‍ ജോലി വാഗ്ദാനങ്ങളുമായി നിരന്നു നിന്ന സ്ഥാപനങ്ങളൊക്കെ അതിനു ശേഷം എന്നെ തിരിഞ്ഞു നോക്കിയില്ല. എന്റെ കൂടെ കഫെറ്റീരിയയിലിരുന്ന് കോഫി കുടിച്ചിരുന്ന സുഹൃത്തുക്കള്‍ എന്നെ വീട്ടില്‍ വന്നു മാത്രം കണ്ടുമുട്ടാന്‍ ഇഷ്ടപ്പെട്ടു. കാരണം എന്റെ കൂടെ പൊതുവിടത്തില്‍ കാണപ്പെടുന്നത് അവര്‍ ഭയന്നു.

എന്തു കൊണ്ടിങ്ങനെ..? ഇന്ത്യയിലെ പല കാര്യപ്പെട്ട വ്യക്തികളും അക്കൂട്ടരെ ഫാഷിസ്റ്റുകളായോ ഏകാധിപതികളായോ ക്ഷുദ്രരാഷ്ട്രീയജീവികളായോ വിളിക്കാന്‍ സന്നദ്ധമാകാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ മധുരം പുരട്ടാതെ സത്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞതു കൊണ്ട്. ലോകത്തെ മുസ്‌ലിം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ 220 മില്യണ്‍ മുസ്‌ലിംകള്‍ക്കെതിരായ ദിനേനയെന്നോണമുള്ള വേട്ടയാടലിനെതിരെ ഞാനും ഇന്ത്യയിലെ മറ്റനേകം അറിയപ്പെടാത്ത പത്രപ്രവര്‍ത്തകരും ചെയ്യാന്‍ ശ്രമിക്കുന്നത് അതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി മുസ്‌ലിംകള്‍ക്കെതിരെ മരണമണി മുഴക്കുന്ന കാഴ്ച്ചയാണവിടെ.

ഇന്നലെ ഒരു ഹൈന്ദവ പുരോഹിതന്‍ ഒരു വലിയ ജനക്കൂട്ടത്തോട് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. പോലീസുകാരവിടെ കാഴ്ച്ചക്കാരായി നിൽപ്പുണ്ടായിരുന്നു. ഞങ്ങളോരോരുത്തരുടെയും ദൈനംദിന ജീവിതം ഇങ്ങനെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

മറ്റു പല പത്രപ്രവര്‍ത്തകരെപ്പോലെ ലോകം അറിയേണ്ടുന്ന പച്ചയായ സത്യങ്ങള്‍ നിരന്തരം വിളിച്ചു പറയുന്നതു കൊണ്ടാണ് എന്നെ പ്രധാനമന്ത്രിയും അയാളുടെ ഏജന്‍സികളും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നേരമാണിത്. അമേരിക്കയും മറ്റും..

കമലാ ഹാരിസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അവരെ റഫര്‍ ചെയ്തു കൊണ്ട് ഞാന്‍ ട്വീറ്റു ചെയ്തിരുന്നു. ഇന്ത്യന്‍ വംശജയായ അവരെപ്പോലെയൊരു സ്ത്രീക്ക് ലോകത്തോട് പലതും വിളിച്ചു പറയാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലോകം ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ പ്രതി മൗനത്തിലാണ്. കാരണം നിങ്ങള്‍ക്കു ഇന്ത്യയോടായാലും ചൈനയോടായാലും നയതന്ത്ര ബന്ധം പുലര്‍ത്തിപ്പോരേണ്ട ആവശ്യകതയുണ്ട്. അതു കൊണ്ട് ഇന്ത്യയിലെ സംഭവവികാസങ്ങളെ കണ്ണടക്കാം. നിങ്ങള്‍ക്കങ്ങിനെ കണ്ണടക്കാനാവില്ല. രാജ്യത്തെ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലാണ്. ഒരു ജേണലിസ്റ്റിനും അത് കണ്ടില്ലെന്നു നടിക്കാനാവില്ല. നിങ്ങളങ്ങനെ കണ്ണടക്കുകയാണെങ്കില്‍ ലോകത്തെ നാമെല്ലാവരും അതിനു കുറ്റക്കാരാണ്. ഞാനൊരു ജേണലിസ്‌റ്റെന്ന നിലക്കു മാത്രമല്ല ഇന്നിവിടെ നില്‍ക്കുന്നത്, മറിച്ച് ആ രാജ്യത്ത് വേട്ടയാടപ്പെടുന്ന അനേകം മുസ്‌ലിം പൗരന്‍മാരിലൊരാളായാണ്. ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നെനിക്കറിയില്ല.

ഞാനിവിടെ കാലുകുത്തിയ ഉടനെ അന്വേഷണ ഏജന്‍സിയുടെ ഫോണുണ്ടായിരുന്നു. തിരിച്ചെത്തുമ്പോള്‍ ഞാന്‍ അറസ്റ്റിലാകുമോ എന്നെനിക്കറിയില്ല. ഞാനിവിടെ വരുന്നതിനു മുമ്പ് ഏപ്രില്‍ ഒന്നാം തീയതി അതു വരെ നിശബ്ദരായിരുന്ന അന്വേഷണ ഏജന്‍സികള്‍ ഇമ്മിഗ്രേഷനില്‍ എന്നെ തടഞ്ഞു വെച്ചതിനു പിന്നാലെ എനിക്കു സമന്‍സ് അയച്ചു. രണ്ടര മാസങ്ങള്‍ക്കു ശേഷം എയര്‍പോര്‍ട്ടിലെത്തിയ എനിക്ക് ഞാനവിടെ ഇരിക്കുന്ന നേരത്താണവര്‍ സമന്‍സ് അയച്ചത്. എന്നെ അവർ പരിഭ്രാന്തയാക്കി അപമാനിച്ചു. മൂന്നു വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ എന്നെ ഇരുത്തിയതാണ്. ഇപ്പോള്‍ ഏപ്രിലില്‍ ഞാന്‍ വീണ്ടുമൊരു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഇരിക്കവെയാണ് എനിക്ക് anxiety attack ഉണ്ടാകുന്നതും എന്റെ സൈക്യാട്രിസ്റ്റുമായി സംസാരിക്കുന്നതും മൂന്ന് ആൻ്റി സൈക്കോട്ടിക് ഗുളികകള്‍ കഴിക്കുന്നതുമെല്ലാം. യാതൊരു സഹാനുഭൂതിയും ലഭിച്ചില്ല. അതൊരു വിഷമമാണ്, നഷ്ടടമാണ്..

അധികാരശക്തികളോട് സത്യം വിളിച്ചു പറയുന്നവര്‍ക്ക് ശാരീരികമായ ആക്രമണങ്ങളോ വധഭീഷണിയോ മാത്രമല്ല നേരിടേണ്ടി വരിക, പറയപ്പെടാതെ പോകുന്ന വലിയ പീഡനമാണ് മാനസികമായി അനുഭവിക്കുക. ഞാന്‍ രണ്ടാമതും അവിടെ തടഞ്ഞു വെക്കപ്പെട്ടപ്പോള്‍… അത്.. അത്… സത്യമായും എനിക്കത് പറഞ്ഞു തരാന്‍ കഴിയുന്നില്ല..

അന്വേഷണ ഉദ്യോഗസ്ഥ എന്നോട് ചോദിച്ചത് ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ മൂന്നു ഡോളറിന്റെ ബില്ലിനെക്കുറിച്ചായിരുന്നു. ആ അപമാനഭാരത്തെക്കുറിച്ച് എനിക്ക് വിശദീകരിക്കാനാകുന്നില്ല. നിങ്ങളുമായി ബന്ധപ്പെട്ടതിനെയെല്ലാം അവര്‍ അപമാനിക്കുകയും നിസാരവല്‍ക്കരിക്കുയും ചെയ്യാന്‍ ശ്രമിക്കും.

എനിക്കു പക്ഷെ അഭിമാനമുണ്ട്. ഭരണകൂടം എന്നെയും എന്റെ വാക്കുകളെയും ഭയക്കുന്നതില്‍. എന്റെ സത്യങ്ങള്‍ അവരെ എവിടെയൊക്കെയോ നോവിക്കുന്നതില്‍, എനിക്കതില്‍ സന്തോഷമുണ്ട്. ജേണലിസ്റ്റുകള്‍ അങ്ങിനെയാകണം. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്നെ പ്രശംസിക്കുന്നത് ഞാനിഷ്ടപ്പെടില്ല. എന്നെ വേട്ടയാടുന്നതിനെതിരെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. ഞാനതിനെ ഒരു ബഹുമതിയായാണ് കാണുന്നത്. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒരിക്കലും പറയാന്‍ അവസരം കിട്ടില്ല. നമ്മളോരോരുത്തരും ഉറക്കെപ്പറയേണ്ട ഒരു അപ്രിയ സത്യമുണ്ട്. ഞാനാ സത്യം പറയുന്നവളാണ്.

ഞാനിങ്ങോട്ട് വിമാനം കയറുന്ന ദിവസം രാവിലെ ഇ.ഡി ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചിരുന്നു. അവിടെ ഒരു ഉടമ്പടി ഒപ്പു വെക്കാനും എന്റെ യാത്രാ വിവരങ്ങള്‍ മുഴുവന്‍ ബോധിപ്പിക്കാനുമുണ്ടായിരുന്നു. പിടികിട്ടാപ്പുള്ളികളും ക്രിമിനിലുകളും ചെയ്യുന്നതു പോലെ, ഞാനാ വിവരങ്ങളെല്ലാം അവര്‍ക്ക് നല്‍കി. തിരിച്ചു റൂമിലെത്തി ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഞാനൊരു തണുപ്പുള്ള രാജ്യത്തേക്കാണ് പോകുന്നതെന്ന കാര്യം പോലും മറന്നു കൊണ്ട് ജാക്കറ്റും മറ്റുമില്ലാതെയാണ് പുറപ്പെട്ടത്. ഒരു വേള ഞാന്‍ തളര്‍ന്നു പോയി. എന്റെ ഉപ്പ അവിടെ വന്നു. അദ്ദേഹത്തിന് മറവിരോഗമുണ്ട്, രണ്ട് തവണ തലച്ചോറിന് ആഘാതവുമുണ്ടായതാണ്. എനിക്കെതിരെയുള്ള കള്ളപ്പണക്കേസില്‍ അദ്ദേഹത്തെയും പ്രതി ചേര്‍ത്തിരിക്കുകയാണ്. ഒന്നുമറിയാത്ത വീട്ടമ്മയായ എന്റെ സഹോദരിയെയും. ഞാനെന്റെ മുഴുവന്‍ കുടുംബത്തെയും എന്റെ പത്രപ്രവര്‍ത്തനത്തിലൂടെ ആപത്തിലാക്കിയിരിക്കുന്നു. എന്റെ സുഹൃത്തുക്കളും ഗുണകാംക്ഷികളുമെല്ലാം ചോദിക്കാറുണ്ട്, ഒന്നു വിശ്രമിച്ചൂ കൂടെ, സ്വന്തം ആരോഗ്യത്തെ കരുതി പിന്‍മാറിക്കൂടെ എന്നെല്ലാം.

നിര്‍ഭാഗ്യമെന്നു പറയട്ടെ, പിന്‍വാങ്ങാനുള്ള ഉപായമെനിക്കില്ല. നിശബ്ദയാകാനുള്ള അവസരമെനിക്കില്ല. കാരണം എന്റെ രാജ്യവും എന്റെ ജനങ്ങളും എന്നെ തേടുന്നുണ്ട്. അവരില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ വിശ്വാസം എന്നില്‍ അര്‍പ്പിച്ചവരാണ്. അവരെ വഞ്ചിക്കാന്‍ എനിക്കാവില്ല. തങ്ങളുടെ പെണ്‍മക്കള്‍ക്ക് എന്റെ പേരിട്ട മാതാപിതാക്കള്‍ എനിക്ക് മെയില്‍ അയക്കാറുണ്ട്, എങ്ങനെയാണ് അവരോട് ഞാന്‍ വിശ്വാസവഞ്ചന കാണിക്കുക? എനിക്കു മുന്നില്‍ മറ്റു വഴികള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാന്‍ ജനിക്കുന്നതു തന്നെ തെരഞ്ഞടുക്കാനുള്ള വഴികള്‍ മുന്നിലില്ലാതെയാണ്. ഞാനിന്ന് നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് വലിയ പ്രിവിലേജോടെയാണ്. എന്റെ വാക്കുകള്‍ കേള്‍ക്കപ്പെടുന്നുണ്ടിവിടെ. എന്റെ രാജ്യത്തെ മിടുക്കരായ പല യുവജേണലിസ്റ്റുകള്‍ക്കും ഇല്ലാത്ത ആ പ്രിവിലേജ് ആണിത്. ഞാനവരുടെ കൂടെ ശബ്ദമാണ് ഇവിടെ ഉയര്‍ത്തുന്നത്. ഒരു ഹിന്ദു റാലിക്കിടയില്‍ പോയി വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുനിഞ്ഞ നാലു പത്രപ്രവര്‍ത്തകരെ ജിഹാദിസ്റ്റുകളെന്ന് വിളിച്ച് ആക്രമിക്കുകയും, ആ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ആ ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇത് കൂടുതല്‍ കടുപ്പമാകുമെന്നെനിക്കറിയാം. ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ തിരിച്ചടിയുണ്ടാകും. പക്ഷെ അപ്രിയ സത്യങ്ങള്‍ എന്നും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ഞങ്ങളില്‍ പലരെയും ചരിത്രമോര്‍ക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!