തിരക്കിൽ ഒന്നാമത്: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്നേറ്റത്തിൽ

അന്താരാഷ്ട്ര സീറ്റ് ശേഷിയിൽ റെക്കോർഡ് വർധനവ്
——————-07/02/26——————
ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന കേന്ദ്രമെന്ന പദവി നിലനിർത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമത്. അന്താരാഷ്ട്ര വിമാന സർവീസുകളുടെയും എയർലൈൻ ഡാറ്റയുടെയും അടിസ്ഥാനത്തിൽ ഒഎജി (OAG) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഈ വർഷം ഫെബ്രുവരിയിൽ ദുബൈ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ഇരു ദിശകളിലുമായി ഫെബ്രുവരിയിൽ മാത്രം ഏകദേശം 9.8 ദശലക്ഷം സീറ്റുകൾ രേഖപ്പെടുത്തി — ഇത് പുതിയ റെക്കോർഡാണെന്ന് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റ് ശേഷിയിൽ 2% വർധന ഉണ്ടായി. ഇതോടെ അന്താരാഷ്ട്ര തലത്തിലെ നേതൃസ്ഥാനവും ദുബൈ ഉറപ്പിച്ചു. ജനുവരി–ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 20.8 ദശലക്ഷം സീറ്റുകൾ വിമാനക്കമ്പനികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകളുടെ സൂചികയിലും മൊത്തത്തിലുള്ള സൂചികയിലും ദുബൈ ഒന്നാം സ്ഥാനം നിലനിർത്തി; ലണ്ടൻ ഹീത്രോ, സിയോൾ, സിംഗപ്പൂർ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് നേട്ടം.
കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ 70.1 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോയി. കൂടാതെ 2025 ഡിസംബറിൽ 8.8 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കും ദുബൈ രേഖപ്പെടുത്തി. തുടർച്ചയായ 12-ാം വർഷവും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന സ്ഥാനം നിലനിർത്താനാണ് ദുബൈയുടെ ലക്ഷ്യം.


