മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
*400 ദിവസങ്ങൾ കൊണ്ട് 100 പാലങ്ങൾ കേരളത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ട മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇനി ഓർമ്മകളിൽ*
തെക്കന്‍ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായ-പൊതുമരാമത്ത് മേഖലകളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം, ഭരണരംഗത്തെ കാര്യക്ഷമതയിലൂടെയും സംഘാടക മികവിലൂടെയും ശ്രദ്ധ നേടുകയായിരുന്നു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാരമ്പര്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ജില്ലാ യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്കും, തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതൃസ്ഥാനങ്ങളിലേക്കും അദ്ദേഹം പടിപടിയായി ഉയര്‍ന്നു.
ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ച നേതാവാണ് അദ്ദേഹം. നാലു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവാണ്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും, മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം രൂപീകൃതമായ കളമശ്ശേരി മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയും ഇബ്രാഹീം കുഞ്ഞാണെന്നത് ചരിത്രപരമായ പ്രത്യേകതയാണ്.


