മംഗൽപാടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചരിത്ര വിജയം സുനിശ്ചിതം; വികസന പെരുമയിൽ ഭൂരിപക്ഷം കുതിച്ചുയരും: റുബീന നൗഫൽ

ഉപ്പള: മംഗൽപാടി പഞ്ചായത്തിന്റെ ഒമ്പതാം വാർഡ് കുബണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹമീദ് ഹാജി കൽപന റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം കൈവരിക്കുമെന്ന് നിലവിലെ വാർഡ് മെമ്പറും മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റുമായ റുബീന നൗഫൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷക്കാലം വാർഡിൽ നടപ്പിലാക്കിയ ബഹുമുഖ വികസന പ്രവർത്തനങ്ങൾ വിജയത്തിന് അടിത്തറയാകുമെന്നും, സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം ഭൂരിപക്ഷം വർധിപ്പിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ബേക്കൂർ, കുബണൂർ ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന ഈ വിശാലമായ വാർഡിലെ കണ്ണാടിപ്പാറ, അഗർത്തിമൂല, പുളിക്കുത്തി, ശാന്തിഗുരി, ചിമ്പരം, കാന റോഡ്, ഉർമിജാൽ, കെദക്കാർ തുടങ്ങി ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പരിഹരിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുള്ള പരമാവധി ഫണ്ടുകൾ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി അനുവദിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും റുബീന നൗഫൽ പ്രസ്താവിച്ചു.
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ ഇരുന്നൂറിലധികം വീടുകൾക്കാണ് സൗജന്യ പൈപ് ലൈനുകൾ ചെയ്ത് നൽകിയത്. കൂടാതെ, ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി കണ്ണാടിപ്പാറയിലെ എസ്.സി. കോളനിയിൽ വിജയകരമായി നടപ്പിലാക്കി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എൺപത് തെരുവ് വിളക്കുകളും മൂന്ന് ലോ മാസ്സ് ലൈറ്റുകളും സ്ഥാപിച്ചു. ഇതിനുപുറമെ, ഹിരണ്യ പദവിലെ എസ്.ഇ. കോളനിയിൽ മൂന്നര ലക്ഷം രൂപ ചിലവുള്ള ഹൈ മാസ്സ് ലൈറ്റും സ്ഥാപിച്ചത് വാർഡിന്റെ മുഖച്ഛായ മാറ്റി.
ബൊടീമാർ റോഡ്, കാന റോഡ്, ഹിരണ്യപദവ് റോഡ്, മൂസ ഹാജി റോഡ്, ഉർമിജാൽ റോഡ്, സക്ല സ്ട്രീറ്റ് റോഡ് എന്നിവയുടെ കോൺക്രീറ്റ് ജോലികൾ, ചിമ്പരം റോഡ്, പുളിക്കുത്തി റോഡ് വികസനം, കാന റോഡ് രണ്ടാം ഘട്ടം, കെദക്കാർ റോഡ്, ഡ്രൈനേജ്, കണ്ണാടിപ്പാറ-കുബണൂർ മസ്ജിദ് റോഡ് വികസനം, എന്നിവ ഈ കാലയളവിൽ പൂർത്തിയാക്കി.
കുബണൂർ മസ്ജിദ് റോഡ് റീ ടാറിങ്, ചിമ്പരം റോഡ് റീടാറിങ്, ബേക്കൂർ മിൽ – കുബണൂർ മദ്രസ റോഡ് പുനരുദ്ധാരണം എന്നിവക്ക് വേണ്ടി ഫണ്ട് അനുവദിച്ച് കിട്ടിയിട്ടുണ്ട്.
എം.എൽ.എ, ജില്ലാ പഞ്ചായത്ത് ഫണ്ടുകളിൽ നിന്നായി ഒന്നരക്കോടി രൂപയുടെ വികസന പദ്ധതികൾ എസ്.സി. കോളനികളിൽ നടപ്പിലാക്കിയത് ശ്രദ്ധേയമാണ്.
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ പുനരുദ്ധാരണം ചെയ്ത് നൽകി.
ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ താത്കാലികമായി സൂക്ഷിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്.) വാർഡിലെ രണ്ടിടത്ത് സ്ഥാപിച്ചു. പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം തടയാൻ നാല് ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കിടപ്പുരോഗികളായ വയോജനങ്ങളെ പരിചരിക്കുന്നതിന് കട്ടിലുകളും കിടക്കകളും അനുബന്ധ സാധനങ്ങളും അനുവദിച്ചു.
കാർഷിക മേഖലയിൽ വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി വളങ്ങൾ വിതരണം ചെയ്തു.
ഭക്ഷ്യ സ്വയം പര്യാപ്തതയും കുടുംബ വരുമാനവും ലക്ഷ്യം വെച്ച് നടപ്പിലാക്കിയ മുട്ടക്കോഴി വിതരണം വിജയകരമായി പൂർത്തിയാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തോട് നവീകരണം വാർഡ് വികസന പ്രവർത്തനങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട നേട്ടമാണ്.
കണ്ണാടിപ്പാറ അംഗനവാടി പുനരുദ്ധാരണം പൂർത്തീകരിക്കാൻ സാധിച്ചു. കൂടാതെ പുളിക്കുത്തി, ബേക്കൂർ അങ്കണവാടികളിൽ ചുമർ പെയിന്റിംഗ് നടത്തി. ബേക്കൂർ അംഗന്വാടിക്ക് ചേർന്ന് മിനി ചിൽഡ്രൻസ് പാർക്കിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും പ്രസിഡന്റ് അറിയിച്ചു.
പരസ്പര സ്നേഹവും, സഹിഷ്ണുതയും, കാരുണ്യവും ജീവിതത്തിന്റെ ഭാഗമാക്കിയ നല്ലവരായ നാട്ടുകാർ ഈ വാർഡിന്റെ സൗന്ദര്യമാണ്. സമൂഹത്തെ കുറിച്ചും ദേശീയ അന്തർദേശീയ വർത്തമാനങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ള, ഉയർന്ന നിലവാരവും പൗരബോധവുമുള്ള വോട്ടർമാർ ജനാധിപത്യത്തിന്റെ ഉത്സവത്തിൽ വളരെ സൂക്ഷ്മമായും അത്യന്തം ബുദ്ധിയോടെയും സമ്മതിദാനാവകാശം നിർവ്വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ ചരിത്രത്തിൽ 99% തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിച്ചിട്ടുണ്ട്,” റുബീന നൗഫൽ ചൂണ്ടിക്കാട്ടി.
വാർഡിന്റെ സമ്പൂർണ്ണ വികസനത്തിനായി കഴിഞ്ഞ കാലയളവിൽ നടത്തിയ അർപ്പണബോധത്തോടെയുള്ള ഇടപെടലുകളും, യു.ഡി.എഫിനെ നെഞ്ചിലേറ്റുന്ന ഈ നാടിനോടുള്ള കടപ്പാടും, സ്ഥാനാർത്ഥി ഹമീദ് ഹാജി കൽപനയുടെ മാതൃകാപരമായ വ്യക്തിപ്രഭാവവും യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സഹായിക്കുമെന്നും പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


