കുമ്പള ടോൾ ഗേറ്റ്; നിലവിലെ സ്ഥിതി അറിയിക്കാൻ ഹൈക്കോടതി; കേസ് 15ന് വീണ്ടും പരിഗണിക്കും; അനിശ്ചിത കാല സമരവുമായി ആക്ഷൻ കമ്മിറ്റി
കുമ്പള: ദേശീയപാത 66ൽ ആരിക്കാടിയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ രണ്ടാം റീച്ച് തുടങ്ങുന്ന ചെങ്കളയ്ക്കും പെരിയയ്ക്കും ഇടയിൽ ദേശീയ പാതയുടെ നിലവിലെ സ്ഥിതി അറിയിക്കാൻ ഹൈക്കോടതി ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകി. കേസ് 15ന് വീണ്ടും പരിഗണിക്കും.
തലപ്പാടിയിൽ കർണാടകയിലെ ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ അകലെ മാത്രമാണ് കുമ്പള ആരിക്കാടിയിൽ പുതിയ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് നിർദേശം നൽകിയത്.കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ നിലവിൽ കർണാടകയുടെ സ്ഥലത്ത് ടോൾ ഗേറ്റുണ്ട്.
ഇവിടെ നിന്ന് 60 കിലോമീറ്റർ അകലെ കേരളത്തിന്റെ ദേശീയപാതയിൽ പെരിയ ചാലിങ്കാലിൽ ടോൾ ഗേറ്റ് നിർമിക്കുന്നതിനുള്ള നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്.ഇതിനു പുറമെയാണ് ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ പണിയുന്നത്.എന്നാൽ തലപ്പാടിയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരം ചെങ്കള വരെ മാത്രമാണ് ദേശീയപാത പണി പൂർത്തിയാക്കിയതെന്നും ചാലിങ്കാൽ വരെ ബാക്കി വരുന്ന ഭാഗം ദേശീയപാത നിർമിച്ചിട്ടില്ലെന്നും ഹർജിക്കാരൻ അറിയിച്ചു.
തുടർന്നാണ് മേഖലയിലെ ദേശീയപാതയുടെ നിലവിലെ സ്ഥിതി അറിയിക്കാൻ നിർദേശിച്ചത്. ദേശീയപാത നിർമാണം നടന്നിട്ടില്ലെങ്കിൽ ടോൾ പിരിക്കാനാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞു.
“അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകും” ആക്ഷൻ കമ്മിറ്റി
ടോൾ ഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിലവിൽ സ്ഥിതി അറിയിക്കാൻ ദേശീയപാത അതോറിറ്റിയോട് നിർദേശിച്ചതോടെ ആക‍്ഷൻ കമ്മിറ്റിയിൽ പ്രതീക്ഷ. രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന പെരിയ വരെ നിർമാണ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ആരിക്കാടിയിൽ നിർദിഷ്ട ടോൾ ഗേറ്റ് ഒഴിവാക്കിയേക്കുമെന്ന പ്രതീക്ഷയാണ് ആക‍്ഷൻ കമ്മിറ്റിക്കുള്ളത്.
ഇതിനിടെ ടോല്ൽ ഗേറ്റ് പണി തകൃതിയായി മുന്നോട്ട് പോകുന്ന സ്ഥിതിക്ക് അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.ആക്ഷൻ കമ്മിറ്റി ചെയർമാൻ എ കെ എം അഷ്‌റഫ് എം എൽ എ യുടെ നേതൃത്വത്തതിൽ കഴിഞ്ഞ ദിവസം രാത്രി കുമ്പള ഖുബ റെസ്റ്റോറന്റ് ഹാളിൽ ചേർന്ന ആക്ഷൻ കമ്മിറ്റി അടിയന്തിര യോഗത്തിലാണ് അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സെപ്തംബർ 14 ഞായറാഴ്ച മുതൽ കുമ്പളയിൽ സമരത്തിന് തുടക്കമാവും. സമരത്തിന്റെ വിജയത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
യോഗത്തിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസുഫ് അദ്ധ്യക്ഷത വഹിച്ചു. എ കെ എം അഷ്‌റഫ് എം എൽ എ, സി എ സുബൈർ, അഷ്‌റഫ് കർള , മാഹിൻ കേളോട്ട്, എ കെ ആരിഫ്, ലക്ഷ്മണ പ്രഭു, അസീസ് കളത്തൂർ, അബ്ദുല്ലത്തീഫ് കുമ്പള, മനോജ് മാസ്റ്റർ, സിദ്ദീഖ് ദണ്ഡഗോളി, അൻവർ ആരിക്കാടി, ബി എൻ മുഹമ്മദലി, റഹ്‌മാൻ ആരിക്കാടി, കെ വി യൂസഫ്, പൃഥ്വിരാജ്, സത്താർ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു.
ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ സമരം ശക്തമായിരുന്നു. ജലപീരങ്കി ഉപയോഗിച്ചാണ് സമരക്കാരെ നേരിട്ടത്. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ബിജെപി ഒഴികെയുള്ള എല്ലാം രാഷ്ട്രീയ പാർട്ടികളും ആക‍്ഷൻ കമ്മിറ്റിയുടെ സമരത്തിൽ പങ്കാളികളാണ്.