തലപ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയിലിടിച്ച് 6മരണം ; 3പേർ ഗുരുതരാവസ്ഥയിൽ
കാസർകോട്: കേരളാതിർത്തി തലപ്പാടിയിൽ കർണാടക കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഓട്ടോഡ്രൈവറും, നാലു സ്ത്രീകളും പത്തുവയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ഹൈദറലി, ഓട്ടോയിലുണ്ടായിരുന്ന ഖദീജ, ഹസീന, ആയിശ, പത്തുവയസുകാരി അസ്‌ന, വഴിയാത്രക്കാരി ലക്ഷ്മി എന്നിവരാണ് മരിച്ചത്.
തൂമിനാട്ടിലുള്ള ബന്ധുവീട്ടിൽ പോവുകയായിരുന്നു ഓട്ടോയിലുള്ളവർ. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. അമിതവേഗയിൽ മംഗളൂരുഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലും ഓട്ടോയിലിടിക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ വട്ടം കറങ്ങിയശേഷം മറ്റൊരു ഓട്ടോയിലും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോകൾ തകർന്ന് തരിപ്പണമായി. സംഭവമറിഞ്ഞ് എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ് എന്നിവർ സ്ഥലത്തെത്തി. ബസിന് ഇൻഷൂറൻസില്ലെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. മരണപ്പെട്ടവരെല്ലാം കർണാടക സ്വദേശികളാണെന്ന് ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആർടിഒ ഉദ്യോഗസ്ഥരെത്തി ബസ് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.