മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റർ’ ഉദ്ഘാടനം ഇന്ന്;ചടങ്ങിൽ പങ്കെടുക്കാൻ സോണിയയും അഖിലേഷും
ന്യൂഡൽഹി: രൂപവൽക്കരണത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഡൽഹി ദരിയാഗഞ്ചിൽ സ്വന്തമായി പണിത ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റർ’ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്ന് ഞായറാഴ്ച സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ വിപുലമായ ഉൽഘാടന സമ്മേളനത്തിൽ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ള ഇൻഡ്യ മുന്നണി നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ളവരും പങ്കെടുക്കും. ‘വോട്ടുതട്ടിപ്പ്: ജനാധിപത്യത്തിന്റെ മരണം’ എന്ന വിഷയത്തിൽ സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനായി 3,000 ത്തോളം മുസ്‌ലിം ലീഗ് പ്രതിനിധികൾ ഡൽഹിയിലെത്തി.