ആര്‍എസ്എസിന്റെ ചട്ടപ്പുസ്തകമല്ല ഇന്ത്യന്‍ ഭരണഘടന: ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പിയങ്ക ഗാന്ധി
ആര്‍എസ്എസിന്റെ ചട്ടപുസ്തകമല്ല ഇന്ത്യന്‍ ഭരണഘടനയെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുവരെ ഇക്കാര്യം മനസിലായിട്ടില്ലെന്നും ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ പ്രിയങ്കാഗാന്ധി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ പ്രിയങ്ക പറഞ്ഞു. ” കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സംഭലില്‍ നിന്ന് ചിലര്‍ ഞങ്ങളെ കാണാന്‍ വന്നിരുന്നു. കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. അതിലെ അദ്‌നാന് എന്റെ മകന്‍ റൈഹാന്‍ വദ്‌റയുടെ അതേ പ്രായമാണ്. ഉസൈറിന് പതിനേഴ് വയസുണ്ടാവും. അവരുടെ പിതാവ് തുന്നല്‍ക്കാരനാണ്. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കണമെന്നാണ് പിതാവ് ആഗ്രഹിച്ചത്….. പക്ഷെ, പോലിസ് പിതാവിനെ വെടിവച്ചു കൊന്നു. പിതാവിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വളരുമ്പോള്‍ ഡോക്ടറാവുമെന്നാണ് അദ്‌നാന്‍ എന്നോട് പറഞ്ഞത്.”- പ്രിയങ്ക പറഞ്ഞു.
”ഭരണഘടന രാജ്യത്തിന്റെ ദീപസ്തംഭമാണ്. അത് നമ്മുടെ സുരക്ഷാ കവചമാണ്.. അത് പൗരന്‍മാരെ സുരക്ഷിതരാക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരിക്കുന്നവര്‍ വലിയ വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നവരാണ്. അവര്‍ പക്ഷേ, ഈ സുരക്ഷാ കവചം തകര്‍ത്തിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റു കുറഞ്ഞിരുന്നില്ലെങ്കില്‍ ബിജെപി ഇപ്പോള്‍ ഭരണഘടന മാറ്റിയിട്ടുണ്ടായേനെ. പക്ഷെ, ഭരണഘടന തകര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.” രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ‘ ജാതി സെന്‍സസ് നടപ്പാക്കുന്നതിന് പകരം ഹിന്ദുസ്ത്രീകളുടെ താലിയെ കുറിച്ചാണ് അവര്‍ പറയുന്നത്. സ്ത്രീകളുടെ സ്വര്‍ണം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഈ രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷമായി. ഇതില്‍ 55വര്‍ഷം കോണ്‍ഗ്രസാണ് ഭരിച്ചത്. ഇന്ദിരാഗാന്ധി തന്റെ സ്വര്‍ണമെല്ലാം രാജ്യത്തിന് നല്‍കിയിട്ടുണ്ട്.-”32 മിനുട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ പ്രിയങ്ക പറഞ്ഞു. തന്റെ കന്നിപ്രസംഗത്തേക്കാള്‍ മികച്ചതായിരുന്നു പ്രിയങ്കയുടെ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവും സഹോദരനമായ രാഹുല്‍ ഗാന്ധി പറഞ്ഞു.