കനത്ത മഴയിൽ മഞ്ചേശ്വരം താലൂക്കിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ജനങ്ങൾ ആശങ്കയിൽ, നാളെ ജില്ലയിൽ റെഡ് അലർട്ട്
ഉപ്പള: തിങ്കളാഴ്ച ഉച്ചയോടെ കാസറഗോഡ് ജില്ലയിൽ പെയ്ത കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഷിറിയ,മുട്ടം, മള്ളങ്കൈ, ഉപ്പള ഗേറ്റ്, മഞ്ചേശ്വരം തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിൽ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി നശിച്ചിട്ടുണ്ട്.
വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങളും ഒറ്റപെട്ട നിലയിലാണ്. നാട്ടുകാരും ഫയർഫോർസും പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി വരുന്നു.
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാലാണ് മിക്കയിടങ്ങളിലും വെള്ളം കയറിയതെന്ന് പരാതിയുണ്ട് .
ഡ്രൈനേജുകൾ പലതും അടഞ്ഞ് കിടക്കുന്നതും വെള്ളം കയറാനിടയായി.നിരവധി വാഹനങ്ങൾക്കം തകരാറ് സംഭവിച്ചിട്ടുണ്ട്.
വെള്ളംകയറിയത് മൂലം ഉപ്പള കുമ്പള ദേശീയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു . ചൊവ്വാഴ്ച കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സഹചര്യത്തിൽ ജില്ലാ കളക്ടർ കോളേജുകളടക്കമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്.
കനത്ത മഴ തുടരുന്നതിനാൽ തീരദേശപ്രദേശങ്ങളിലടക്കം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.