മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ പോലീസ് സംഘപരിവാർ മുക്തമാകണം -പി.സി.എഫ്.
ദുബൈ: ഇടതുമുന്നണി സർക്കാർ ഭരണം കയ്യാളുന്ന സംസ്ഥാനത്ത് പോലീസിൽ സംഘപരിവാർ പിടിമുറുക്കുമ്പോൾ അഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിസ്സംഗത സംശയം ജനിപ്പിക്കുന്നതാണെന്നും മടിയിൽ കനമില്ലാത്തവരുടെ രീതിയല്ല കണ്ടുവരുന്നതെന്നും പീപ്പിൾസ് കൾച്ചറൽ ഫോറം യുഎഇ നാഷണൽ കമ്മിറ്റി.
പല ഘട്ടങ്ങളിലും സംഘപരിവാറിനൊപ്പം ഐക്യപ്പെട്ടിട്ടുള്ള കോൺഗ്രസ് സമീപനമല്ല കേരളീയപൊതുസമൂഹം
ഇടത് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഹിന്ദുത്വ അജണ്ട പോലീസിലൂടെ നടപ്പാക്കുവാൻ മതേതര മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന കേരളീയ മനസുകൾ അനുവദിക്കില്ലെന്നും ദുബൈയിൽ ചേർന്ന പിസിഎഫ് കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
നിസാരമായ തർക്കങ്ങളുടെയും വ്യക്തി താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉന്നത വ്യക്തികളാൽ രൂപപ്പെട്ട പാർട്ടികളെല്ലാം നാമാവശേഷമായപ്പോഴും പിഡിപി കേരള രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത് തികഞ്ഞ മതേതര ജനാതിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ആശയത്തിന്റെ കരുത്തിലും ആർജ്ജവമുള്ള നേതാക്കളുടെ പിൻബലത്തിലുമാണ്.
മലബാറിൽ ഇപ്പോൾ വീശിയടിക്കുന്നത് ചായക്കപ്പിലെ കൊടുങ്കാറ്റാണെന്നും ഇത് ശമിക്കാൻ അധികം സമയമെടുക്കില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ അധ്യക്ഷത വഹിച്ചു,
സെക്രട്ടറി കെ.പി.എ റഫീക്ക് സ്വാഗതവും, ഇസ്മായിൽ ആരിക്കാടി നന്ദിയും പറഞ്ഞു.
നേതാക്കളായ മുഹമ്മദ് സാഹിബ്, മുനീർ നന്നമ്പ്ര, റഹീസ് ആലപ്പുഴ, ഇബ്രാഹിം പട്ടിശ്ശേരി, ജംഷാദ് ഇല്ലിക്കൽ, ഇസ്മയിൽ നാട്ടിക അസീസ് സേട്ട് എന്നിവർ പങ്കെടുത്തു.