സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാൻ ഐ എൻ ടി യു സി മുന്നൊരുക്കം നടത്തണം പി. ജി. ദേവ്

ഉപ്പള : വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം സ്വീകരിക്കുന്ന തൊഴിലാളി ദ്രോഹ നിയമ നടപടിക്കെതിരെ ശക്തമായ പ്രതികരിക്കാൻ ഐ എൻ ടി യു സി തൊഴിലാളി പ്രസ്ഥാനം ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മുന്നിട്ടിറങ്ങണമെന്ന് ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ശ്രീ പി ജി ദേവ് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള റീജണൽ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ മുൻ കോൺഗ്രസ് ഗവൺമെന്റുകൾ തൊഴിൽ മേഖലയുടെ നിലനിൽപ്പിനും തൊഴിലാളികളുടെ സുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ഒട്ടേറെ നിയമങ്ങൾ ഇല്ലാതാക്കുന്ന തൊഴിലാളി ദ്രോഹ നടപടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഏജന്റായി സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രവർത്തിക്കുകയാണ്. സാധാരണക്കാരുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും അട്ടിപ്പേ റവകാശികളായ ഇടതുപക്ഷ ഗവൺമെന്റും സി പി എമ്മും അടിസ്ഥാന വിഭാഗത്തെ മറന്നുകൊണ്ട് കോർപ്പറേറ്റ് മാഫിയ സംരക്ഷകരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റത്തിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനവിഭാഗം പട്ടിണിയിലേക്ക് നീങ്ങുകയാണ്. സപ്ലൈ കോയിൽ പോലും സബ്സിഡി സാധനങ്ങൾ ഇല്ലാതാക്കി സ്വകാര്യ വിപണിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാനും തൊഴിലാളികൾ തയ്യാറാകണം.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഐ എൻ ടി യു സി യുടെ പ്രാധിനി ദ്ധ്യം ഉറപ്പുവരുത്താനും തൊഴിലുറപ്പ് തൊഴിൽ മേഖല ഉൾപ്പെടെയുള്ള വിവിധതൊഴിൽ മേഖലകൾ നേരിടുന്ന വെല്ലുവിളികൾ കൂട്ടായ മുന്നേറ്റത്തിലൂടെ നേരിടാൻ ഐ എൻടിയുസിയെ ശക്തിപ്പെടുത്തണമെന്നും ശ്രീ. പി. ജി.ദേവ് ആവശ്യപ്പെട്ടു.റീജണൽ കമ്മിറ്റി പ്രസിഡന്റ് സത്യൻ സി ഉപ്പള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷാജി.എൻ. സി സ്വാഗതം പറഞ്ഞു. വി. പി. മഹാരാജൻ, ജെസ്സി കകണ്വ തീർത്ത, പ്രേമ ഐ.പി, ഗീത കൃഷ്ണ നഗർ, വിൻസി, സന്തോഷ് പഞ്ചതൊട്ടി, ചന്ദ്രശേഖർ കുമ്പള, പീറ്റർ ഡിസൂസ, പത്മനാഭ കുമ്പള, ലക്ഷ്മണ ഉപ്പള എന്നിവർ പ്രസംഗിച്ചു. റീജ്യണൽകമ്മറ്റി സെക്രട്ടറി ശിവരാമ ഷെട്ടി നന്ദി രേഖപ്പെടുത്തി.


