പ്രശസ്ത ഗസല്‍ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

2006 ല്‍ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
1951 മെയ് 17ന് ഗുജറാത്തിലെ രാജ്കോട്ടിനടുത്തുള്ള ജേത്പൂരില്‍ ഒരു ജമീന്ദാർ കുടുംബത്തിലാണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ് – ജിതുബേൻ ഉദാസ് ദമ്ബതികളുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പങ്കജ്. ബോംബെയിലെ സെന്റ് സേവിയേഴ്സ് കോളേജിലായിരുന്നു പഠനം.
ഉറുദു കവികളുടെ വരികള്‍ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് പങ്കജ് ശ്രദ്ധനേടിയത്. 1986ല്‍ ഇറങ്ങിയ “നാം” എന്ന ചിത്രത്തിലെ “ചിട്ടി ആയി ഹേ വതൻ” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ ഗാനം കാരണമായി.
ഇതിന് ശേഷം നിരവധി ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യാടന പരിപാടികള്‍ അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളില്‍ പാടുകയും ചെയ്തു.


