മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം;മംഗൽപാടി ജനകീയ വേദിയുടെ സൂചന സമരം 18ന്
ഉപ്പള:താലൂക്ക് ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കത്തിനെതിരേ മംഗൽപ്പാടി ജനകീയ വേദി സമരം ശക്തമാക്കുന്നു.
ഇതിൻ്റെ ഭാഗമായി ഒക്ടോബർ 18 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആശുപത്രിക്ക് മുന്നിൽ സൂചന സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആശുപത്രിയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്നര വർഷമായി മംഗൽപാടി ജനകീയ വേദി സമരത്തിലാണ്.
2020 സെപ്തംബറിൽ 19 ദിവസക്കാലം അനിശ്ചിതകാല സമരം നടത്തിയിരുന്നു.ഇതിനിടെ അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ വിഷയത്തിൽ ഇടപെടുകയും ആശുപത്രിയുടെ പുരോഗതിക്ക് സർക്കാർ പ്രഖ്യാപനം നടത്തുമെന്ന് സമര സമിതി നേതാക്കൾക്ക് മന്ത്രി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഇതേ തുടർന്ന് കിഫ്ബിയിൽ ഉൾപ്പെടുത്തി ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണത്തിന് 17 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിരുന്നു.
പിന്നീട് 13.5 കോടിയാണ് സർക്കാർ അനുവദിച്ചത്.
പഴയൊരു കെട്ടിടം പൊളിച്ചുമാറ്റി മണ്ണ് പരിശോധന നടത്തിയതല്ലാതെ യാതൊരു വിധ തുടർപ്രവർത്തനവും നടന്നിട്ടില്ല.
ഫണ്ട് ലഭ്യമാക്കി വർഷങ്ങളായി, ഇക്കാര്യത്തിൽ ജനപ്രതിനിധികൾ അടക്കമുള്ള അധികാരികളിൽ നിന്ന് വ്യക്തമായ വിവരം ലഭിക്കുന്നില്ല.
ഇവിടെയെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ അധികാരികൾ അവസരമൊരുക്കണമെന്നും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രി വികസിപ്പിക്കണമെന്നും ജനകീയ വേദി ആവശ്യപ്പെട്ടു.
പി.എച്ച്.സി യുടെ ബോർഡിന് പരിണാമം വന്ന് താലൂക്ക് ആശുപത്രിയായി എന്നല്ലാതെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിട്ടുന്ന ചികിത്സ മാത്രമേയുള്ളൂ.
സാധാരണക്കാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിക്ക് മാറ്റം വരണം.
കർണാടക അതിർത്തി അടച്ചപ്പോൾ ചികിത്സ കിട്ടാതെ നിരവധി ജീവനുകൾ പൊലിഞ്ഞത് ഓർക്കണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു. മംഗൽപാടി ജനകീയ വേദി പ്രസിഡൻ്റ് അബ്ദുൽ കരീം പൂന, കൺവീനർ അബൂതമാം,അബൂറോയൽ, സത്യൻ സി. ഉപ്പള, മഹ്മൂദ് കൈക്കമ്പ,സിദ്ധീഖ് കൈക്കമ്പ, അബ്ദുല്ല അത്തർ, അഷാഫ് എം, സൈനുദ്ധീൻ അട്ക്ക എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


