ഖത്തര്‍ എക്സ്പോ 2023 ; അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഖത്തര്‍ എക്സ്പോ 2023ന് തുടക്കമാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ അവസാന വട്ട ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു.
88 രാജ്യങ്ങള്‍ ഇത്തവണ എക്സ്പോയില്‍ പങ്കെടുക്കും. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍ വേദിയാകുന്ന ആദ്യ അന്താരാഷ്ട്ര ഈവന്റ് ആണ് ദോഹ എക്സ്പോ 2023. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള സന്ദര്‍ശകരെ വരവേല്‍ക്കുന്നതിനുളള അവസാനവട്ട ഒരുക്കങ്ങളാണ് എക്സ്പോ നഗരിയില്‍ പുരോഗമിക്കുന്നത്. ഭൂരിഭാഗം പവലിയനുകളും തയ്യാറായിക്കഴിഞ്ഞു. സംഘാടന തയ്യാറെടുപ്പുകള്‍, സോണുകളുടെ പ്രവര്‍ത്തനം, വിവിധ സേവനങ്ങള്‍ എന്നിവയെല്ലാം സംഘാടകര്‍ വിലയിരുത്തി. 88 രാജ്യങ്ങളുടെ പവലിയനുകള്‍ മേളയില്‍ അണിനിരക്കും.
ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ് എക്സ്പോ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാസം അവസാനത്തോടെ വേദിയിലെ കാഴ്ചകള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.