ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം;ഐ.എൻ.ടി.യു.സി.
മംഗൽപാടി: നാഷണൽ ഹൈവേ നവീകരണത്തെ തുടർന്ന് ഓട്ടോറിക്ഷ കാത്തിരിപ്പ് സ്ഥലങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പകരം കാത്തിരിപ്പ് സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് ഐ എൻ ടി യു സി മഞ്ചേശ്വരം റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്ത് പരിധിയിലെ കുഞ്ചത്തൂർ, ഉദ്യാവർ, മഞ്ചേശ്വർ, ഹോസംഗഡി, ഉപ്പള, കൈക്കമ്പ, നയാബസാർ, ബന്ദിയോട്, ആരിക്കാടി,മൊഗ്രാൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കാത്തിരിപ്പ് സ്ഥലങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ഓട്ടോറിക്ഷ തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും ദുരിതവും ആണ് അനുഭവപ്പെടുന്നത്. ഓട്ടോറിക്ഷ ഓടിച്ച് നിത്യ ജീവിതം കഴിക്കുന്ന തൊഴിലാളികൾക്ക് സ്ഥിരം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് കാരണം എവിടെയെങ്കിലും നിർത്തിയിടേണ്ടി വരികയും ഇതുമൂലം വലിയ സാമ്പത്തിക നഷ്ടവും ആണ് ഉണ്ടാകുന്നത്. യാത്രക്കാർ ആണെങ്കിൽ ഓട്ടോറിക്ഷ എവിടെ എന്നറിയാതെ നട്ടംതിരിയുന്ന അവസ്ഥയുമാണുള്ളത്.ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട അധികാരികളും സംവിധാന മൊരുക്കണമെന്ന് ഐ എൻ ടി യു സി റീജണൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സത്യൻ സി ഉപ്പള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാലകൃഷ്ണ ഷെട്ടി കിദൂർ, ജനറൽ സെക്രട്ടറിമാരായ ഷാജി എൻ.സി, ഓ എം റഷീദ്, വൈസ് പ്രസിഡന്റ് കമറുദ്ദീൻ പാടലട്ക്ക, ഹമീദ് കണിയൂർ എന്നിവർ പ്രസംഗിച്ചു.ശിവരാം ഷെട്ടി കെ സ്വാഗതവും ഹുസൈൻ കുബനൂർ നന്ദിയും പറഞ്ഞു.