ദുബൈ ദേരയില്‍ തീപിടിത്തം; മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേര് മരിച്ചു
ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ ഉൾപ്പെടെ 16 പേര് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.ദുബൈയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ദേയ്റ.
നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന് സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ രണ്ട് പേര് തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.
പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം.
ദേരയിലെ ട്രാവല്‍സ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്കൂള്‍ അധ്യാപികയാണ്. മൃതദേഹങ്ങള്‍ ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.