രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി;പ്രതിഷേധ ജ്വാല തീർത്ത് ഉപ്പളയിൽ മുസ്ലിംലീഗ് പ്രകടനം
ഉപ്പള: ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന കേന്ദ്ര സർക്കാർ അജണ്ടയുടെ ഭാഗമായി രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ,രാജ്യ വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി.
രാത്രി വൈകി പ്രതിഷേധ പന്തവുമായി നൂറ് കണക്കിന് ആളുകൾ അണിനിരന്ന ജാഥ കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട ഭീകരതക്കെതിരെയുള്ള പ്രതിഷേധ ജ്വാലയായി മാറി. മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് രാത്രി പത്തിന് ശേഷം ഇത്തരത്തിൽ ഒരു പ്രതിഷേധ സംഗമം നടക്കുന്നത്.
കൈകമ്പയിൽ നിന്നാരംഭിച്ച പ്രകടനം ഉപ്പള നഗരത്തിൽ സമാപിച്ചു.
അധികാര ദുർവിനിയോഗത്തിൽ ജുഡീഷ്യറികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും
തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്കെ അധ്യക്ഷനായി. ജന.സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു എകെഎം അഷ്റഫ് എം എൽ എ ഉത്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ ടി എ മൂസ,എം ബി യൂസുഫ് ഹാജി, എം അബ്ബാസ് മണ്ഡലം ഭാരവാഹികളായ സയ്യിദ് സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേരി, പി എം സലീം, അന്തുഞ്ഞി ഹാജി ചിപ്പാർ, അബ്ദുല്ല മാളിക, ടി എം ശുഹൈബ്, എം പി ഖാലിദ്, സിദ്ധീഖ് ഒളമുഗർ നേതൃത്വം നൽകി.