ഹൊസങ്കടിയിൽ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;സഹപാഠിക്ക് ഗുരുതരം
ഹൊസങ്കടി: പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഹൊസങ്കടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തെ എം അസ്മയുടെ മകനുമായ മുഹമ്മദ് ആദില്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കുഞ്ചത്തൂര്‍ സന്നടുക്ക കലന്തര്‍ഷാ കോട്ടേജില്‍ താമസിക്കുന്ന അര്‍ഷാദ് അലി (18) യെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൊസങ്കടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ ഉപയോഗിക്കുകയായിരുന്ന ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ് ആദില്‍. വിദ്യാര്‍ഥി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന അര്‍ഷാദ് അലിയെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം വരുത്തിയ ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.