യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്
ഹേഗ്: യുക്രൈൻ -റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി). യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും കാലുകുത്തിയാൽ അറസ്‌റ്റ് ചെയ്യപ്പെടാനാണ് സാധ്യത.
റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ മരിയ എൽവോവ ബെലോവിയയ്‌ക്ക് എതിരെയും ഇതേ കുറ്റങ്ങൾ ചുമത്തി കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വർഷത്തെ അധിനിവേശത്തിനിടെ റഷ്യൻ സൈന്യം അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം മോസ്‌കോ ആവർത്തിച്ച് നിഷേധിച്ചെങ്കിലും കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുകയും, യുക്രൈനിലെ വിവിധയിടങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് ആളുകളെ നിയവിരുദ്ധമായി കൈമാറ്റം ചെയ്യുകയും ചെയ്‌തുവെന്ന സംശയത്തെ തുടർന്ന് പുടിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഐസിസി ആവശ്യപ്പെടുകയായിരുന്നു.
ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ ഒരു വർഷം മുമ്പാണ് യുക്രൈനിലെ യുദ്ധ കുറ്റങ്ങൾ, മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ, വംശഹത്യ എന്നിവയെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതേസമയം, കോടതിയുടേത് അതിരുകടന്ന നടപടി എന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്ക് എതിരെ മാത്രമേ കോടതിക്ക് നടപടി എടുക്കാനാകൂവെന്നും റഷ്യ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ അംഗം അല്ലെന്നും റഷ്യ വ്യക്‌തമാക്കി.