സഭ ടി.വി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും മറച്ചുവെക്കുന്നു;രാജിവെക്കാനൊരുങ്ങി ഉന്നതാധികാര സമിതി എം.എൽ.എമാർ
തിരുവനന്തപുരം – നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭാ ടി.വിക്കെതിരെ പ്രതിപക്ഷം ഉയർത്തിയ ഗൗരവപരമായ ആക്ഷേപങ്ങൾ നിലനിൽക്കവേ, നിയമസഭാ സെക്രട്ടറിയെ ചീഫ് എഡിറ്ററാക്കി പുതിയ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു.
ഒൻപത് അംഗ ബോർഡിൽ നിയമസഭാ സെക്രട്ടറിക്കു പുറമെ, കെ കുഞ്ഞുകൃഷ്ണൻ, ടി.ടി പ്രഭാകരൻ, തനൂജ ഭട്ടതിരിപ്പാട്, ബിന്ദു ഗണേശ് കുമാർ, കെ മോഹൻ കുമാർ, ഇ സനീഷ്, ഇ.കെ മുഷ്താഖ്, ബി.എസ് സുരേഷ്‌കുമാർ എന്നിവർ അംഗങ്ങളാണ്. ഈ മാസം 14നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. സഭ ടി.വിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി. നഷ്ടക്കണക്ക് പറഞ്ഞ് സഭ ടി.വി പരിപാടികളുടെ ചിത്രീകരണം നേരത്തെ നിർത്തിയിരുന്നു.
അതിനിടെ, സഭാ ടി.വി സി.പി.എമ്മിന്റെ രാഷ്ട്രീയ ടി.വിയായി മാറുന്നുവെന്ന ഗുരുതര ആരോപണങ്ങൾക്ക് ഇതുവരെയും സർക്കാറോ സഭാ ടി.വി എഡിറ്റോറിയൽ ബോർഡോ പ്രതികരിച്ചിട്ടില്ല. സഭാ ടി.വിയുടെ തീർത്തും ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് നിയമസഭാ ടി.വിയുടെ ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ എം.എൽ.എമാർ.
പ്രതിപക്ഷത്തിന്റെ സഭയിലെ ഇടപെടലുകളും പ്രതിഷേധങ്ങളും കാണിക്കാതെ സഭാ ടി.വി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതിനെ തുടർന്ന് പലകുറി വിമർശങ്ങൾ ഉയർന്നിരുന്നു. സഭാ ടി.വി പാർട്ടി ചാനലായി മാറിയ സാഹചര്യത്തിൽ അതോട് സഹകരിക്കാനാവില്ലെന്ന നിലപാടാണ് പ്രതിപക്ഷത്ത് ഉയരുന്നത്. ഇതേ തുടർന്ന് സഭാ ടി.വിയുടെ ഉന്നതാധികാര സമിതിയിലുള്ള പ്രതിപക്ഷ അംഗങ്ങളായ ആബിദ് ഹുസൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവർ രാജിവെക്കാനാണ് നീക്കം നടക്കുന്നത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കാണിക്കാത്ത സഭാ ടി.വിയുടെ നടപടിക്കെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. സഭാ ടി.വി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. സഭ ടി.വി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും മറച്ചുവെക്കുകയാണ്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖം കാണിക്കുകയാണ്. പല പ്രാവശ്യം പരാതി കൊടുത്തു. സഭയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുവന്നില്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കും. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയാണ് സഭ ടി.വി.
സഭാ ടി.വി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന വേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു.