‘കൗ ഹഗ് ഡേ’; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു
കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ തലയൂരല്‍. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആറിന് പുറപ്പെടുവിച്ച ആഹ്വാനം പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സെക്രട്ടറി എസ് കെ ദത്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി.
പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിര്‍ദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങള്‍ ഇത് കാര്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയാവുകയും ചെയ്തു.
പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം അടിയന്തര നിര്‍ദേശം നല്‍കിയത്. ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്‍റെ ചുമതല. ആറാം തിയതിയാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന് ബോര്‍ഡ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തത്. ഇക്കാര്യം മുന്‍കൂട്ടി മന്ത്രാലയത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതേസമയം കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം രൂപാലയും ചില മന്ത്രിമാരും കഴിഞ്ഞ ദിവസം നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.