സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികളിൽ നിന്നും അമിത തുക ഈടാക്കുന്നതിനെതിരെ മംഗൽപാടി ജനകീയ വേദി പരാതി നൽകി
ഉപ്പള: തലപ്പാടി കാസറഗോഡ് റൂട്ടിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്ന സ്വകാര്യ ബസ്സുകളുടെ നടപടിക്കെതിരെ മംഗൽപാടി ജനകീയ വേദി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
രണ്ടും മൂന്നും കിലോ മീറ്റർ മാത്രം യാത്ര ചെയ്യുന്ന പല വിദ്യാർത്ഥികളിൽ നിന്നും സ്വകാര്യ ബസുകൾ സർക്കാർ നിശ്ചയിച്ച കൺസെഷനനുസരിച്ചല്ലാത്ത തുകയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്.
ഉപ്പളയിൽ നിന്നും ബന്ദിയോട് നിന്നും കയറി കുമ്പളയിൽ ഇറങ്ങുന്ന വിദ്യാർത്ഥികളിൽ നിന്നും ചില ബസുകളിൽ പത്തു രൂപയാണ് ഈടാക്കുന്നത് എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
അത് പോലെ ഉപ്പളയിൽ നിന്നും കയറി മംഗൽപാടിയിലും ബന്ദിയോടും ഇറങ്ങുന്ന കുട്ടികളിൽ നിന്ന് പോലും അതെ നിരക്കിൽ ഈടാക്കുന്നുണ്ട് എന്ന് പല വിദ്യാർത്ഥികളും മംഗൽപാടി ജനകീയ വേദി പ്രവർത്തകരെ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച തുകയെക്കാളും രണ്ടും മൂന്നും ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന പ്രവണത അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും കേരള KSRTC ബുസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്നും മംഗൽപാടി ജനകീയ വേദി ബന്ധപ്പെട്ട വകുപ്പിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു .
സ്കൂളുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന
വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കിലോമീറ്റർ അടിസ്ഥാനമാക്കിയുള്ള കൺസെഷൻ വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് ബസ് മുതലാളിയുടെയും ബസ് ജീവനക്കാരുടെയും ഔദാര്യമല്ല എന്ന് സ്വകാര്യ ബസുകടമകളും ജീവനക്കാരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കണം. മിക്ക ബസുകളിലും ബസ് ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികൾക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്.
ഒഴിഞ്ഞ സീറ്റ് കളിൽ പോലും അവരെ ഇരിക്കാൻ അനുവദിക്കാതതതും, പല ബസ് സ്റ്റോപ്പുകളിലും വിദ്യാർത്ഥികളെ കണ്ടാൽ ബസ് നിർത്താതെ പോവുന്ന അനുഭവങ്ങളും ഉണ്ടെന്നും ഇത്തരം പ്രവണതകൾക്കെതിരെ അധികാരികൾക്ക് പരാതി നൽകാനുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങളെ ക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്തുമെന്നും മംഗൽപാടി ജനകീയ വേദി അറിയിച്ചു.