Read Time:1 Minute, 18 Second
മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് വെടിയേറ്റു
ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വെടിയേറ്റു. ഇംറാന്‍റെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചിലേക്ക് അക്രമി വെടിവെക്കുകയായിരുന്നു. ഇംറാന് കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന നാലു മുതിർന്ന നേതാക്കൾക്കടക്കം പരിക്കേറ്റു. അക്രമി അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.