സയ്യിദ് മുഷ്താഖ് അലി ട്രോഫി;കർണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ, അസ്ഹറുദ്ദീൻ 95 നോട്ടൗട്ട്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് നേടി. 95 റൺസെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ബാറ്റിംഗാണ് കേരളത്തിനു കരുത്തായത്. കേരളത്തിനായി വിഷ്ണു വിനോദും (34) തിളങ്ങി. കർണാടകയ്ക്ക് വേണ്ടി ജഗദീശ സുചിതും വി വൈശാഖും രണ്ട് വിക്കറ്റ്വീതം വീഴ്ത്തിദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര കളിച്ചെത്തിയ ക്യാപ്റ്റൻ സഞ്ജു ഇന്നും കളത്തിലിറങ്ങിയില്ല. സച്ചിൻ ബേബി തന്നെയാണ് കേരളത്തെ തുടർച്ചയായ രണ്ടാം മത്സരത്തിലും നയിച്ചത്. എലീറ്റ് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. ആറാം ഓവറിലെ അവസാന പന്തിൽ രോഹനെ (16) പുറത്താക്കിയ ജഗദീശ സുചിത് കർണാടകയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഏറെ വൈകാതെ വിഷ്ണു വിനോദും മടങ്ങി. താരത്തെയും സുചിത് ആണ് മടക്കിയത്.
സച്ചിൻ ബേബി (8), കൃഷ്ണ പ്രസാദ് (8) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും അസ്ഹർ ഒറ്റക്ക് പൊരുതി. മെല്ലെ തുടങ്ങി അവസാന ഓവറുകളിൽ ആഞ്ഞടിച്ച താരം 31 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഒരു ഘട്ടത്തിൽ 20 പന്തിൽ 20 റൺസെന്ന നിലയിലായിരുന്ന അസ്ഹർ പിന്നീടാണ് കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയത്.ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ 10 വിക്കറ്റിനു തകർത്തിരുന്നു. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശിനെ 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസിലൊതുക്കിയ കേരളം 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടന്നു. സിജോമോൻ ജോസഫ്, എസ് മിഥുൻ എന്നിവർ കേരളത്തിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 13 പന്തിൽ 32 റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിസ്ഫോടനാത്‌മക ബാറ്റിംഗ് കേരളത്തിൻ്റെ ഇന്നിംഗ്സ് അനായാസമാക്കുകയായിരുന്നു. നാലാം വിക്കറ്റിൽ കൃഷ്ണ പ്രസാദുമൊത്ത് 51 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ അസ്ഹറുദ്ദീൻ അപരാജിതമായ അഞ്ചാം വിക്കറ്റിൽ അബ്ദുൽ ബാസിത്തുമൊത്ത് 49 റൺസും പടുത്തുയർത്തി. 47 പന്തിൽ 8 ബൗണ്ടറിയും 6 സിക്സറും സഹിതം 95 റൺസെടുത്ത താരം നോട്ടൗട്ടാണ്. അബ്ദുൽ ബാസിത്ത് 9 റൺസെടുത്ത് പുറത്താവാതെ നിന്നു.