ഇന്ന് സെപ്റ്റംബർ 29; ലോക ഹൃദയ ദിനം
ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് അറിയാനുമാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്.
‘എല്ലാ ഹൃദയങ്ങൾക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവർക്കും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു.
കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഈ ഹൃദയ ദിനത്തിൽ ചെയ്യേണ്ടത്.
ഹൃദയത്തെ സംരക്ഷിക്കാൻ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവർ, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനിൽക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.
ചിട്ടയായ ഡയറ്റ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങൾ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയിൽ കഴിക്കുന്നതാണ് നല്ലത്.
നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകൾക്ക് പുറമെ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ മതിയായ ഉറക്കം ലഭ്യമാക്കുക. മുതിർന്നവർ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികൾ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറിൽ കുറച്ച് ഉറങ്ങുന്നവരിൽ ഹൃദയാഘാതം, ഹൃദയധമനിയിൽ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.
പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു.അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ ശ്രമിക്കുക. ഇന്നുമുതൽ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെ അകറ്റാനാൻ ഒരു പരിധി വരെ സഹായിക്കും. ഒപ്പം ഹൃദ്രോഗത്തെയും അകറ്റാൻ സഹായിച്ചേക്കാം.
മദ്യപാനം അമിതമായാൽ, രക്തത്തിലെ ട്രൈഗ്ലിസറൈഡിൻറെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാൽ മദ്യപാനം ഒഴിവാക്കുക.
ഹൃദയത്തിൻറെ ആരോഗ്യത്തിന് വ്യായാമം നിർബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയർക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യാം. നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്.