ജി.വി.എച്ച്.എസ്.എസ്. ഹേരൂർ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കുമ്പള: ജിവിഎച്ച്എസ്എസ് ഹേരൂർ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2023 ജനുവരിയിലായിരിക്കും ആഘോഷ പരിപാടികൾ സമാപിക്കുക. ഇതിനുള്ള തീയതി മഞ്ചേശ്വരം എം എൽ എ എ.കെ.എം. അഷ്റഫ് പിന്നീട് പ്രഖ്യാപിക്കും.
പരിപാടിയുടെ വിപുലമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ലോഗോ രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പ്രകാശനം ചെയ്തു. വെള്ളിയാഴ്ച നടത്താനിരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 27 ന് എ.കെ.എം. അഷ്റഫ് എം എൽ എ സംബന്ധിക്കുന്ന പരിപാടിയിൽ വച്ച് കർഷകരെ ആദരിക്കുകയും സെമിനാർ സംഘടിപ്പിക്കുകയും ചെയ്യും. പരിപാടിയിലേക്ക് കഴിഞ്ഞു പോയ വിദ്യാർത്ഥികളുടെ ഓരോ ബാച്ചും 50,000 രൂപ വച്ച് നൽകാമെന്ന് ഏറ്റതായും ഭാരവാഹികൾ അറിയിച്ചു. ഈ സ്കൂളിൽ മുൻ കാലങ്ങളിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകരെയും പരിപാടിയിലേക്ക് ക്ഷണിക്കുകയും സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. പരിപാടിക്കുവേണ്ടി യുഎഇയിലും കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വാർഡ് മെമ്പർ മജീദ് പച്ചമ്പള, സംഘാടക സമിതി ചെയർമാൻ ലത്തീഫ് മീപിരി, ഹെഡ്മാസ്റ്റർ ഹമീദ് മൊഗ്രാൽപുത്തൂർ, എസ്എംസി ചെയർമാൻ റഹീം മീപിരി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
ജി.വി.എച്ച്.എസ്.എസ്. ഹേരൂർ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
Read Time:2 Minute, 21 Second