പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ച് തീപിടിച്ചു, 185 യാത്രക്കാരുമായി സഞ്ചരിച്ച സ്പെെസ് ജെറ്റ് അടിയന്തര ലാൻഡിംഗ് നടത്തി
പട്ന:ബീഹാറിലെ പാറ്റ്‌നയില്‍ പറക്കുന്നതിനിടെ വിമാനത്തില്‍ ചിറകില്‍ തീപ്പിടുത്തം. സ്‌പൈസ് ജെറ്റിന്റെ പട്ന-ഡല്‍ഹി വിമാനത്തിനാണ് തീപിടിച്ചത്. 185 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.
പട്ന വിമാനത്താവളത്തില്‍ ഇറക്കിയ സ്‌പൈസ് ജെറ്റിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. പട്ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വന്‍ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം പ്രതികരിച്ചു.
‘വിമാനത്തിന്റെ ഇടതു ചിറകിലാണ് തീ പിടിച്ചത്. അത് കണ്ട ഉടൻ നിലത്തിറക്കി. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. എൻജിനീയറിംഗ് സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണ്’- ചന്ദ്രശേഖർ സിംഗ് പറഞ്ഞു.
12.30ന് പട്‌നയിൽ നിന്ന് പറന്നുയർന്ന സമയം മുതൽക്കേ വിമാനത്തിൽ എന്തോ പന്തികേട് തോന്നിയതായി യാത്രക്കാരിലൊരാൾ പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലൈറ്റുകൾ മിന്നിത്തുടങ്ങിയെന്നും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത സമയം മുതൽ ഞങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെന്നും സ്‌പൈസ് ജെറ്റിന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മറ്റൊരു യാത്രക്കാരൻ പറഞ്ഞു.