കേരളത്തിന് സാമ്പത്തിക നേട്ടം; ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളം
സാമ്ബത്തിക പ്രതിസന്ധി കനത്തതോടെ ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇന്ധനത്തിനായി തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നു.
കൊളംബോയില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനായി കൂടുതല്‍ വിമാനങ്ങളാണ് കേരള തലസ്ഥാനത്ത് എത്തുന്നത്. ഇത് മൂലം ശ്രീലങ്കയുടെ പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിന് സാമ്ബത്തികമായി നേട്ടമാവുകയാണ്. കൊളംബോയുടെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളമായതിനാലാണ് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇന്ധനത്തിനായി പറക്കുന്നത്.
ഇന്ധനം നിറയ്ക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും, പാര്‍ക്കിംഗ് ഇനത്തിലും ലാന്‍ഡിംഗിനുമുള്ള ഫീസ് ലഭിക്കുന്നതിനാല്‍ ഇപ്പോഴത്തെ മാറ്റം അദാനിഗ്രൂപ്പിന് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമേ ഇന്ധന നികുതി ഇനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം വര്‍ദ്ധിക്കും. ഇന്ധനം നിറയ്ക്കാനായി വിമാനങ്ങള്‍ എത്തുമ്ബോള്‍ യാത്രക്കാരെ കൊണ്ടുവരാന്‍ അനുവദിക്കാറില്ല, അതേസമയം ക്രൂ ചെയ്ഞ്ചിനും മറ്റുമായി ജീവനക്കാര്‍ക്ക് സഞ്ചരിക്കാനാവും.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഒരു സമയം 100 ടണ്‍ വരെ ഇന്ധനം ശേഖരിക്കാറുണ്ട്. കൊളംബോയില്‍ നിന്നും ഓസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടുത്തിടെ ഇറങ്ങിയിരുന്നു. അടുത്തമാസം ആദ്യവും നാല് വിമാനങ്ങള്‍ ശ്രീലങ്കയില്‍ നിന്നും ഇന്ധനത്തിനായി തിരുവനന്തപുരത്ത് ലാന്റ് ചെയ്യും. ഇന്ധന ദൗര്‍ലഭ്യം കാരണം ശ്രീലങ്കയില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു.
എന്നാല്‍ ലാഭകരമായ റൂട്ടുകളിലെ സര്‍വീസുകള്‍ തുടരുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്തെ കൂട്ട് പിടിക്കുന്നത്. മെല്‍ബണ്‍, ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസുകളെല്ലാം ലാഭകരമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്ക് അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്. കൊളംബോ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂറില്‍ കുറവ് മാത്രമാണ് തിരുവനന്തപുരത്ത് എത്താന്‍ വിമാനങ്ങള്‍ക്ക് വേണ്ടത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എത്തിക്കുന്നത്.