ലെസ്ബിബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് കേരള ഹൈക്കോടതി
കൊച്ചി: ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിച്ചതോടെ ആദിലയടെ സ്നേഹവും പോരാട്ടവും കൂടെയാണ് വിജയിച്ചത്. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി ഹൈക്കോടതി ഉത്തരവിട്ടത്. കോഴിക്കോട് താമരശേരി സ്വദേശിനി ഫാത്തിമ നൂറയ്ക്ക് വിധിയുടെ പശ്ചാത്തലത്തിൽ ആദിലയ്ക്കൊപ്പം ഇനി ജീവിക്കാം.
പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുണ്ട്. തന്‍റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് ആദില നസ്റിൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് സ്വതന്ത്രമായി പങ്കാളിക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാണ് ആദില കോടതിയില്‍ ആവശ്യപ്പെട്ടത്. ആലുവയിലെ ബന്ധുവിന്‍റെ വീട്ടില്‍ പങ്കാളിയായ കോഴിക്കോട് താമരശേരി സ്വദേശിനി ഫാത്തിമ നൂറക്കൊപ്പമാണ് ആദില നസ്റിൻ താമസിച്ചിരുന്നത്.
ഒരാഴ്ച മുമ്പ് ഫാത്തിമ നൂറയെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്നായിരുന്നു ആദിലയുടെ പരാതി. വീട്ടുകാര്‍ തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ടാണ് ആദില നസ്റിൻ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാൻ ഉത്തരവിട്ടു. തുടര്‍ന്ന് ഫാത്തിമ നൂറയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇരുവരേയും ഒന്നിച്ചു ജീവിക്കാൻ കോടതി അനുവദിച്ചത്.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആദിലയും കോഴിക്കോട് സ്വദേശിനിയായ പങ്കാളിയും പ്രണയത്തിലാകുന്നത്. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.