പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു
കുമ്പള ∙ പ്രായപൂർത്തിയാകാത്ത മകനു സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനു എതിരെ കേസെടുത്തു പൊലീസ്. മൊഗ്രാൽ നടുപ്പള്ളം റഹ്മത്ത് നഗറിലെ 39 കാരിക്കെതിരെയാണു കുമ്പള പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മൊഗ്രാൽ റഹ്മത്ത് നഗറിൽ സിഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ഹെൽമറ്റ് ധരിക്കാതെയാണു വിദ്യാർഥി സ്കൂട്ടറിലെത്തിയത്.
കൈകാണിച്ചപ്പോൾ സ്കൂട്ടർ നിർത്തി. ലൈസൻസ് ഉണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്നും 14 വയസ്സു മാത്രമെ ആയിട്ടുള്ളുവെന്നും ആരാണു സ്കൂട്ടർ ഓടിക്കാൻ നൽകിയെന്നു ആരാഞ്ഞപ്പോഴാണു മാതാവാണു എന്ന മറുപടിയായിരുന്നു കുട്ടി നൽകിയതെന്നു പൊലീസ് പറഞ്ഞു. തുടർന്നു സ്കൂട്ടറുമായി പൊലീസ് കുട്ടിയെ വീട്ടിലെത്തിച്ചു. കുട്ടിക്കും പൊതുജനങ്ങൾക്കും അപകടം വരുത്തുമെന്ന അറിവോടു കൂടി ഉപേക്ഷാപൂർവം പ്രായപൂർത്തിയാകാത്ത മകനു സ്കൂട്ടർ ഓടിക്കാൻ കൊടുത്തതാണെന്ന കാരണത്താലാണു മാതാവിനു എതിരെ പൊലീസ് കേസെടുത്തത്.