പെനാല്‍റ്റി നഷ്ടത്തിന്റെ കേടുതീര്‍ത്ത് ജിജോ; പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍

0 0
Read Time:6 Minute, 21 Second

പെനാല്‍റ്റി നഷ്ടത്തിന്റെ കേടുതീര്‍ത്ത് ജിജോ; പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളത്തിന്റെ സെമി പ്രവേശനം. ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. തോൽവിയോടെ പഞ്ചാബ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

മേഘാലയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്കുള്ള ജിജോയുടെ പ്രായശ്ചിത്തം കൂടിയായി പഞ്ചാബിനെതിരായ പ്രകടനം.

മികച്ച മുന്നേറ്റങ്ങളും രക്ഷപ്പെടുത്തലുകളും അസ്വാരസ്യങ്ങളുമെല്ലാം കണ്ട മത്സരത്തിൽ തകർപ്പൻ കളിയാണ് കേരളം പുറത്തെടുത്തത്. മേഘാലയക്കെതിരേ സമനിലയിൽ പിരിഞ്ഞ കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരേ കളത്തിലിറങ്ങിയത്. നിജോ ഗിൽബർട്ടിന് പകരം സൽമാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനിൽ ഇടംനേടി. പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.

കേരളത്തിന്റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. വിഖ്നേഷ് ബോക്സിലേക്ക് ചിപ് ചെയ്ത് നൽകിയ പന്ത് പക്ഷേ ഷിഗിലിന് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനായില്ല. പിന്നാലെ 12-ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ പിഴവിൽ നിന്ന് പഞ്ചാബ് മുന്നിലെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിനായി സ്കോർ ചെയ്തത്. മൻവീറിന്റെ ഷോട്ട് ഗോൾകീപ്പർ മിഥുൻ തടയാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ഗോൾ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹർപ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റിൽ അർജുൻ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അർജുൻ ജയരാജ് നൽകിയ ക്രോസ് ക്യാപ്റ്റൻ ജിജോ ജോസഫ് കിടിലൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റിൽ മൻവീർ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

29-ാം മിനിറ്റിൽ കേരളത്തിന് തിരിച്ചടിയായി ഗോൾകീപ്പർ മിഥുൻ പരിക്കേറ്റ് പുറത്തുപോയി. ഹജ്മൽ. എസ് ആണ് പകരം ഗോൾവല കാത്തത്.

36-ാം മിനിറ്റിൽ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി പഞ്ചാബ് ഡിഫൻഡർ രജത് കുമാർ അപകടമൊഴിവാക്കി. ആദ്യ പകുതയുടെ അധിക സമയത്ത് അർജുൻ എടുത്ത ഫ്രീ കിക്ക് സെന്റ് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സൽമാന് പകരം നൗഫൽ പി.എന്നിനെ കേരള കളത്തിലിറക്കി. ഇതോടെ വലതുവിങ്ങിലൂടെയുള്ള കേരള ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 47-ാം മിനിറ്റിൽ ഷിഗിലിന്റെ ത്രൂ പാസിൽ നിന്നുള്ള വിഖ്നേഷിന്റെ ഷോട്ട് പഞ്ചാബ് ഗോളി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റിൽ പഞ്ചാബ് താരത്തിന്റെ ഷോട്ട് തടഞ്ഞ് ഹജ്മൽ കേരളത്തിന്റെ രക്ഷകനായി.

51-ാം മിനിറ്റിൽ കേരളത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടു. ബോക്സിന് പുറത്തു നിന്ന് ഷിഗിൽ നൽകിയ പാസ് ജിജോ നൗഫലിന് മറിച്ച് നൽകി. പക്ഷേ നൗഫലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 53-ാം മിനിറ്റിൽ നൗഫലിന്റെ ക്രോസിൽ നിന്നുള്ള ഷിഗിലിന്റെ ഹെഡർ പഞ്ചാബ് ഗോളി അവിശ്വസനീയമായി തട്ടിയകറ്റി.

67-ാം മിനിറ്റിൽ ഒരു ഫൗളിനെ തുടർന്ന് കേരള – പഞ്ചാബ് താരങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തി. എന്നാൽ റഫറി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 71-ാം മിനിറ്റിലും പഞ്ചാബ് ഗോളി ടീമിന്റെ രക്ഷയ്ക്കെത്തി. ഇത്തവണ നൗഫലിന്റെ ഷോട്ട് ഹർപ്രീത് തട്ടിയകറ്റുകയായിരുന്നു.

86-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഒന്നടങ്കം ത്രസിപ്പിച്ച് ജിജോയുടെ വിജയ ഗോളെത്തി. ഇടതു വിങ്ങിൽ നിന്ന് സഞ്ജു നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പഞ്ചാബ് ഡിഫൻഡർമാർ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലെ ജിജോയുടെ രണ്ടാം ഗോളും ടൂർണമെന്റിലെ അഞ്ചാം ഗോളുമായിരുന്നു ഇത്. നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയാണ് ജിജോ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!