‘കോൺഗ്രസ് തലപ്പത്ത് ഗാന്ധി കുടുംബത്തിന് പുറത്തുള്ളവർ വരട്ടെ’; അടിസ്ഥാനമാറ്റം നിർദേശിച്ച് പ്രശാന്ത് കിഷോർ
ന്യുഡൽഹി: ഇന്ത്യന്‍ നാഷ്ണൽ കോൺഗ്രസിൽ മാറ്റങ്ങളുടെ ഒരുനിര തന്നെ നിർദേശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താന്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ അധ്യക്ഷനാക്കണമെന്നും പാർട്ടിയെ സമ്പൂർണമായി പുനർ രൂപകൽപന ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
ഗാന്ധി കുടുംബവുമായി നടത്തിയ രണ്ട് കൂടിക്കാഴ്ചയിൽ പ്രശാന്ത് കിഷോർ കോൺഗ്രസിനെ നവീകരിക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കുകയും അത് നേതാക്കൾക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്താതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര തുടങ്ങിയവരും പാർട്ടിയിലെ മറ്റ് പ്രധാന നേതാക്കളും രാജ്യത്തുടനീളം യാത്ര ചെയ്ത് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതി, ഉത്തരവാദിത്തമില്ലായ്മ, ധാർഷ്ട്യം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് പാർട്ടിയെ മുക്തമാകണമെന്നും പാർട്ടിയുടെ പാരമ്പര്യവും അടിസ്ഥാന മൂല്യങ്ങളും നിലനിർത്തണമെന്നും കിഷോർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ ഒറ്റക്കും തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കിയും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 370 ലോക്‌സഭ മണ്ഡലങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കിഷോർ പറഞ്ഞതായാണ് വിവരം.
പ്രശാന്ത് കിഷോർ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കും.