കാസർകോട്-തലപ്പാടി റൂട്ടിൽ രാത്രി യാത്രക്കാർ വലയുന്നു

മഞ്ചേശ്വരം: കാസർകോട്ടുനിന്ന് മംഗളൂരുഭാഗത്തേക്ക് രാത്രി ഒൻപത് മണിക്ക് ശേഷം പൊതുഗതാഗത സംവിധാനമില്ലാത്തത് യാത്രക്കാരെ വലക്കുന്നു. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്കുള്ള അവസാന കെ.എസ്.ആർ.ടി.സി. ബസ് രാത്രി ഒൻപത് മണിക്കാണ് പുറപ്പെടുന്നത്.
ഒൻപത് മണിക്കുശേഷം കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന കുമ്പള, ഉപ്പള, മഞ്ചേശ്വരം, തലപ്പാടി ഭാഗത്തേക്കുള്ള യാത്രക്കാർ, വിവിധ സ്ഥലങ്ങളിൽനിന്ന് മറ്റ് വാഹനങ്ങളിൽ എത്തുന്നവർ, കടകളിലും മറ്റും ജോലിചെയ്യുന്നവരുൾപ്പെടെ സൗകര്യമില്ലാത്തതിനാൽ ദുരിതത്തിലാവുകയാണ്.
രാത്രി എത്തുന്ന ദീർഘദൂര തീവണ്ടികൾക്കാകട്ടെ കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ സ്റ്റോപ്പുമില്ല. ഇത്തരത്തിൽ ഗതാഗതസൗകര്യമില്ലാതെ വലയുന്ന യാത്രക്കാർക്ക് ഓട്ടോ റിക്ഷയോ മറ്റ് ടാക്സി വാഹനങ്ങളെയോ ആശ്രയിക്കേണ്ടിവരുമ്പോൾ ഭീമമായ തുകയാണ് ചെലവാകുന്നത്. പലപ്പോഴും യാത്രക്കാർ ചേർന്ന് ടാക്സി വാഹനങ്ങൾ വിളിച്ച് നാട്ടിലെത്തുകയാണ് ചെയ്യുന്നത്. രാത്രിയാത്രാ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളായിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. ഇതിന് അറുതിവരുത്താൻ ഈ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.
യാത്രപ്രശ്നം പരിഹരിക്കണം
:രാത്രി ഒൻപതുമണിക്കുശേഷം ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലേക്ക് ബസ് സൗകര്യമില്ലാത്തത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. ഇതിന് പരിഹാരംകാണേണ്ടത് അത്യാവശ്യമാണ്. ബന്ധപ്പെട്ട അധികൃതർ ഈപ്രശ്നം ഗൗരവത്തിലെടുക്കണം.
അസീം മണിമുണ്ട
സാമൂഹിക പ്രവർത്തകൻ


