തീർത്ഥാടകരുടെ തിരക്കൊഴിവാക്കൽ; മക്ക ഹറമിൽ നൂറ് പുതിയ വാതിലുകൾ തുറന്നു
റിയാദ്: വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകൾ തുറന്നതെന്ന് സൗദി അറേബ്യ അറിയിച്ചു. ഹറമിലെ സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ചാണ് പുതിയ വാതിലുകള്‍ തുറന്നത്. റമദാനിൽ തറാവീഹ് നമസ്കാരത്തിനായി ഹറം പളളിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താനുളള അനുമതിയുമുണ്ട്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതിയായത്. തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോഗ്യപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ നിർവ്വഹിക്കാനുളള സാഹചര്യങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്.