അവസാന ഓവറുകളിൽ കാർത്തിന്റെയും ഷഹബാസിന്റെയും വെടിക്കെട്ട്;രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം
അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ദിനേശ് കാര്‍ത്തിക്കും ഷഹബാസ് അഹമ്മദും തിളങ്ങിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് തകർപ്പൻ ജയം. നാലു വിക്കറ്റിനാണ് ബാംഗ്ലൂരിന്‍റെ ജയം. അഞ്ച് പന്ത് ബാക്കി നില്‍ക്കേയാണ് രാജസ്ഥാന്‍ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ബാംഗ്ലൂര്‍ മറികടന്നത്. 87 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ബാംഗ്ലൂരിനെ അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്കും ഷഹബാസ് അഹ്‌മദും ചേർന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. കാർത്തിക്ക് ഒരു സിക്സിന്‍റേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 44 റൺസ് എടുത്ത് പുറത്താവാതെ നിന്നു. ഷഹബാസ് മൂന്ന് സിക്സറും നാല് ഫോറുമടക്കം 45 റണ്‍സെടുത്ത് പുറത്തായി.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും അനൂജ് റാവത്തും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. ഡുപ്ലസെസിസ് 29 റണ്‍സെടുത്തപ്പോള്‍ റാവത്ത് 26 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് വന്ന വിരാട് കോഹ്‍ലിയടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ ബാഗ്ലൂര്‍ അഞ്ചിന് 87 എന്ന നിലയിലേക്ക് കൂപ്പു കുത്തുകയായിരുന്നു. കോഹ്ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി. പിന്നീടാണ് കാര്‍ത്തിക്കും ഷഹബാസും തകര്‍ത്തടിച്ചത്. രാജസ്ഥാനായി യുസ്‍വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‍ലറുടെ മികവിലാണ് രാജസ്ഥാന്‍ 169 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 169 റൺസ് എടുത്തത്. രാജസ്ഥാന് വേണ്ടി അവസാന ഓവറുകളിലാണ് ജോസ് ബട്‌ലർ തകര്‍ത്തടിച്ചത്. ആറ് സിക്സുകളുടെ അകമ്പടിയില്‍ 47 പന്തില്‍ നിന്ന് ബട്‍ലര്‍ 71 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഇതോടെ ഐ.പി.എല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് ബട്‍ലറുടെ തലയിലായി. മുംബൈയുടെ ഇഷാന്‍ കിഷനെയാണ് ബട്‍ലര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. മത്സരത്തില്‍ ആകെ ആറ് സിക്സര്‍ പറത്തിയ ബട്‍ലര്‍ ഐ.പി.എല്ലില്‍ നൂറ് സിക്സുകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.
അവസാന ഓവറുകളിൽ ബട്‌ലറും ഷിംറോൺ ഹെറ്റ്‌മെയറും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഹെറ്റ്‌മെയർ രണ്ട് സിക്സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 31 പന്തിൽ നിന്ന് 42 റൺസെടുത്തു. മലയാളി താരം ദേവദത്ത് പടിക്കൽ 37 റൺസെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ സഞ്ജു സാംസണ് എട്ട് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിനായി ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും ഹസരംഗയും ഓരോ വിക്കറ്റ് വീതം നേടി.