പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന പതിവ് യു എ ഇ നിർത്തുന്നു; വിസക്ക് പകരം ഇനി എമിറേറ്റ്സ് ഐഡി മാത്രം
യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാകും
പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന പതിവ് യു എ ഇ നിർത്തലാക്കുന്നു. വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ സൗകര്യമൊരുക്കും. ഈമാസം മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ 11 ന് ശേഷം പാസ്പോർട്ടിൽ താമസവിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് നിർത്തലാക്കുകയാണെന്ന് പ്രാദേശിക ദിനപത്രമായ അൽഖലീജാണ് റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച ഫെഡറൽ അതോറിറ്റിയുടെ സർക്കുലർ ഉദ്ധരിച്ചാണ് വാർത്ത. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. വിദേശത്ത് നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കും. നേരത്തേ, യു എ ഇ യിൽ റെസിഡന്റ് വിസയിൽ എത്തുന്നവർ മെഡിക്കൽ പരിശോധനയും മറ്റും പൂർത്തിയാക്കി രണ്ട് മുതൽ പത്ത് വർഷത്തേക്ക് വരെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതായിരുന്നു രീതി. ഒപ്പം തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ലഭ്യമാക്കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യു എ ഇ എമിറേറ്റ്സ് ഐഡി കൂടുതൽ വിവരങ്ങൾ ചേർത്ത് പരിഷ്കരിച്ചിരുന്നു.