‘ഇമ്രാന്‍ ഖാന്‍ കളിനിയമങ്ങള്‍ തച്ചുടച്ച സ്‌പോര്‍ട്‌സ്മാന്‍; രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു’; വിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍
വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടതില്‍ കടുത്ത വിമര്‍ശനവുമായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍. ഞായറാഴ്ച അസംബ്ലിയില്‍ സംഭവിച്ചതെല്ലാം, പ്രത്യേകിച്ച് അവിശ്വാസ പ്രമേയം കൈകാര്യം ചെയ്ത നടപടികള്‍ രാജ്യത്തെ സര്‍വ നിയമങ്ങളെയും ലംഘിക്കുന്നതാണെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് തീരുമാനിച്ചത്. ‘അവസാന പന്ത് വരെ കളിക്കുന്നതിനു’ പകരം കളിയുടെ നിയമങ്ങള്‍ തന്നെ കീറിമുറിച്ചുള്ള ഇടപെടലാണ് ഇമ്രാന്‍ നടത്തിയത്. പ്രസിഡന്റ് ആരിഫ് അല്‍വി വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മാധ്യമങ്ങള്‍ എഴുതി.
ഒരു യഥാര്‍ത്ഥ കായികതാരത്തെപ്പോലെ ഇമ്രാന് രാഷ്ട്രീയ കളി കളിക്കാമായിരുന്നുവെന്നും വോട്ടെടുപ്പിലേക്ക് നയിച്ച മൂര്‍ച്ചയേറിയ ആഖ്യാനങ്ങള്‍ ഉണ്ടാക്കിയ നഷ്ടങ്ങളില്‍നിന്ന് കുതിച്ചുയരാനുള്ള ശക്തി പ്രാപിക്കാമായിരുന്നെന്നുമാണ് ഡോണ്‍ അവരുടെ എഡിറ്റോറിയലില്‍ എഴുതിയത്. എന്നാല്‍, അദ്ദേഹം രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ തീരുമാനിച്ചു. പ്രസിഡന്റും വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മുഴുവന്‍ പ്രക്രിയയുടെയും ഭരണഘടനാ സാധുത പരിശോധിക്കുന്നതിനുപകരം, അദ്ദേഹം ഇമ്രാന്‍ ഖാന്റെ വിശ്വസ്തനായി മാത്രം പ്രവര്‍ത്തിക്കുകയും പക്ഷപാതപരമായ തീരുമാനത്തിലൂടെ തന്റെ ഓഫീസിനെ അപമാനിക്കുകയും ചെയ്തു. പാര്‍ലമെന്ററി നടപടിക്രമങ്ങളെയാകെ തകിടംമറിക്കപ്പെട്ട് പാകിസ്ഥാന്‍ ഭരണഘടനാ പ്രതിസന്ധിയുടെ ഇരുണ്ട അഗാധതയിലേക്ക് വലിച്ചെറിയപ്പെട്ടുവെന്നും ഡോണ്‍ വിമര്‍ശിക്കുന്നു.
വിജയിച്ചത് ഇമ്രാന്റെ തന്ത്രം; പാകിസ്ഥാനില്‍ മൂന്നുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്
ഇത് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഒരു സ്വയം പ്രഖ്യാപിത ‘പോരാളി’, കായികതാരത്തിന് അനുയോജ്യമായ പെരുമാറ്റം കാണിക്കുന്നതില്‍ തികഞ്ഞ വീഴ്ച സംഭവിച്ചിരിക്കുന്നു. ‘അവസാന പന്ത് വരെ കളിക്കുന്നതിന്’ പകരം കളിയുടെ നിയമങ്ങള്‍ തച്ചുടച്ചാണ് ഇമ്രാന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഭരണഘടനാവാദത്തിന് മാരകമായ പ്രഹരം നല്‍കിയതിനൊപ്പം ഒരു ജനാധിപത്യ ക്രമത്തില്‍ പൊതുസ്ഥാനം വഹിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്ന ശക്തമായ ആശങ്കകള്‍ക്ക് ഇതെല്ലാം കാരണമാകുകയും ചെയ്തുവെന്നും എഡിറ്റോറിയല്‍ പറയുന്നു.
തകര്‍ന്നടിഞ്ഞ് ‘നവ പാകിസ്ഥാന്‍’; അവിശ്വാസത്തിനു നടുവില്‍ ഇമ്രാന്‍ഖാന്‍; രാജി ആവശ്യപ്പെട്ട് സൈന്യം
ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി വോട്ടെടുപ്പ് നിഷേധിച്ചത്. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. പിന്നാലെ, പ്രധാനമന്ത്രിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്റ് നാഷണല്‍ അസംബ്ലി പിരിച്ചുവിടുകയായിരുന്നു. അടുത്ത 90 ദിവസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തും. അതുവരെ ഇമ്രാന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നുമാണ് വിവര വിനിമയ മന്ത്രി ഫവാദ് ചൗധരി അറിയിച്ചത്. എന്നാല്‍, ഇമ്രാന്‍ നിലവില്‍ പ്രധാനമന്ത്രിയല്ലെന്നാണ് കാബിനറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചിരിക്കുന്നത്. നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടതിനാല്‍ ഇമ്രാന്‍ പ്രധാനമന്ത്രിയല്ല. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണെന്നും കാബിനറ്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇമ്രാന്‍ ഖാന്റെ ‘നവ പാകിസ്ഥാന്‍’ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വേണ്ടത് 5160 കോടി ഡോളര്‍
അതേസമയം, വിശ്വാസ വോട്ടെടുപ്പ് നിഷേധിച്ച അസംബ്ലി നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അസംബ്ലി നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിച്ചില്ലെങ്കിലും വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ലമെന്റ് നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നതായി ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ട്വീറ്ററില്‍ പ്രതികരിച്ചു.