മൊയ്തീനും,നൂർജഹാനും ഒടുവിൽ ആശ്വാസ സന്ദേശമെത്തി;യുക്രൈനിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മള്ളങ്കൈ സ്വദേശിനി പോളണ്ടിലെത്തി

0 0
Read Time:4 Minute, 3 Second

മൊയ്തീനും,നൂർജഹാനും ഒടുവിൽ ആശ്വാസ സന്ദേശമെത്തി;യുക്രൈനിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മള്ളങ്കൈ സ്വദേശിനി പോളണ്ടിലെത്തി

ബന്തിയോട്: ദിവസങ്ങളുടെ ആശങ്കയ്ക്കൊടുവിൽ ആയിഷത്ത് നിഹാലയുടെ ആശ്വാസ സന്ദേശമെത്തി.

ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കോളജിലെ ജൂനിയർ വിദ്യാര്‍ഥിയായ കർണ്ണാടക സ്വദേശി കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചതോടെ തൊട്ടടുത്ത ബങ്കറിൽ ഉണ്ടായിരുന്ന മള്ളങ്കൈ സ്വദേശിനി ആയിഷത്ത് നിഹാല അടക്കമുള്ള വിദ്യാർഥികൾ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

ആക്രമണ സമയത്ത് പലരും ഉറങ്ങുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ ഞെട്ടി വിറച്ചു.

‘ഞങ്ങൾ പോളണ്ട് അതിർത്തിയിലേക്ക് പോകുകയാണ്’, ഇതായിരുന്നു ആയിഷത്ത് നിഹാല പിതാവ് മൊയ്‌ദീൻ ഗുർമയ്ക്ക് അവസാനം അയച്ച സന്ദേശം. പിന്നെ ആശങ്കയുടെ മണിക്കൂറുകൾ. ഉറക്കം പോലും ഇല്ലാതെ ആയിഷത്തിന്‍റെ രക്ഷിതാക്കളായ മൊയ്‌തീനും നൂർജഹാനും മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പലരെയും ബന്ധപ്പെട്ടങ്കിലും മകളുമായി സംസാരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് നേരം വെളുപ്പിച്ചു.
അവസാനം മണിക്കൂറുകൾക്ക് ശേഷം ഇന്ന് രാവിലെ സന്ദേശമെത്തി. യുക്രൈൻ പോളണ്ട് അതിർത്തിയിൽ ആണെന്നും എന്നാൽ ഇന്ത്യക്കാരെ കടത്തി വിടുന്നില്ലെന്നും മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നുമായിരുന്നു ശബ്‌ദ സന്ദേശം. 12മണിക്കൂർ കടുത്ത തണുപ്പിൽ അതിർത്തിയിൽ നിർത്തിയതിന് ശേഷമാണ് പോളണ്ടിലേക്ക് കടത്തി വിട്ടത് എന്നും നിഹാല പറയുന്നു.
പോളണ്ടിൽ എത്തിയെന്ന സന്ദേശം എത്തിയതിന് ശേഷമാണ് മൊയ്‌ദീനും നൂർജഹാനും ആശ്വാസമായത്. ഫോൺ കേടായതിനാൽ മറ്റൊരു ഫോണിലാണ് ബന്ധപ്പെട്ടത്. പക്ഷെ ഇനി എങ്ങനെ ബന്ധപ്പെടുമെന്ന ആശങ്കയിലാണ് മൊയ്‌തീൻ.
ഖാര്‍കീവ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആയിഷത്ത് നിഹാല. നവീൻ അടക്കം ഇവരെല്ലാവരും ഒന്നിച്ച് ട്രെയിൻ കയറാനുള്ള ഒരുക്കത്തിലായിരുന്നു. സ്ഫോടനത്തിന്‍റെ ശബ്ദം തങ്ങൾ കെട്ടിരുന്നുവെന്നും മരണ വാർത്തകേട്ട് ഞെട്ടിപ്പോയെന്നും മകൾ പറഞ്ഞതായി മൊയ്‌ദീൻ പറഞ്ഞു.
തുടർന്ന് യുക്രൈൻ സൈന്യം രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകി. കൈയിലുണ്ടായിരുന്ന ബാഗുമെടുത്ത് എല്ലാവരും ഓടി. തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. കോച്ചുന്ന തണുപ്പിലാണ് വിദ്യാർഥികൾ കിലോമീറ്ററുകൾ നടന്നത്. നിരവധി വിദ്യാർഥികൾ അടങ്ങുന്ന ഇന്ത്യക്കാർ പലയിടത്തും കുടുങ്ങി കിടപ്പുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. പോളണ്ട് അതിർത്തിയിൽ എത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിന്‍റെ ആശങ്കയിലാണ് രക്ഷിതാക്കൾ.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!