‘പടിഞ്ഞാർച്ചാ’ എന്ന അബ്ദുല്ല പടിഞ്ഞാർ
ഇന്നലെ മരണപ്പെട്ടു പോയ നാട്ടുകാരനും മാർഗ ദർശിയുമായിരുന്ന അബ്ദുല്ല പടിഞ്ഞാറിനെ ഓർക്കുമ്പോൾ.
ഒരു കാലത്ത് നാട്ടുകാരുടെ റോൾ മോഡലായിരുന്നു അബ്ദുല്ല പടിഞ്ഞാർ. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ എഴുത്തും വായനയും ഇംഗ്ലീഷ് പരിജ്ഞാനവും കൈ മുതലാക്കിയ അബ്ദുൽ റഹിമാന്റെ മകൻ അബ്ദുല്ല ചെറുപ്പത്തിൽ തന്നെ നാട്ടുകാരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പഴയ കാലത്തെ കണക്കെഴുത്തുകാരനെ റൈറ്ററ് എന്നായിരുന്നു വിളിച്ചിരുന്നത്. റൈറ്ററ് അബ്ദുൽ റഹിമാന്റെ മകൻ ഞങ്ങൾക്ക് റൈറ്ററ് അബ്ദുല്ലയായിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം സാംസ്കാരിക കലാ മേഖലകളിൽ നിറഞ്ഞിരുന്ന അബ്ദുല്ലച്ച പ്രസംഗ കലയിലും ചെറുപ്പത്തിലേ പ്രാഗൽഭ്യം തെളിയിച്ചിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ജോലി തേടി അബുദാബിയിലെത്തിയ അബ്ദുല്ല, മുസ്ലിം ലീഗ് പ്രവാസി സംഘടനയായ കെ. എം. സി. സി. യുടെ സ്ഥാപകരില് ഒരാൾ കൂടിയായിരുന്നു. എഴുപതുകളുടെ അവസാനവും എൺപതുകളിലും അബുദാബിയിലെ വിവിധ സാംസ്കാരിക സംഘനകളിൽ പ്രവർത്തിച്ചിരുന്ന അബ്ദുല്ലച്ച മികച്ച സംഘാടനകനും പ്രഭാഷകനും കൂടിയായിരുന്നു. വിദ്യാഭ്യാസപരമായി പിന്നിലായിരുന്ന തളങ്കരയുടെ പുരോഗതിക്ക് വേണ്ടി അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള അബുദാബി കെ. എം. സി. സി. തളങ്കര കമ്മിറ്റി ഏറെ പ്രോത്സാഹനം നൽകിയിരുന്നു. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന എൺപതുകളില് ആ സംഘടനയുടെ സഹായങ്ങൾ നാട്ടില് നൽകിയിരുന്നു. തളങ്കര സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടിയ മൂന്ന് കുട്ടികൾക്ക് നൽകിയിരുന്ന 200 രൂപ വീതം ക്യാഷ് അവർഡുകൾ ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും വെച്ച് എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ആദ്യമായി പ്രവർത്തിച്ച പ്രവാസി സംഘടനയുടെ നേതൃത്വം അബ്ദുല്ല പടിഞ്ഞാറിനായിരുന്നു.
നാട്ടില് അവധിക്ക് വരുന്ന അവസരങ്ങളിലും സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന അബ്ദുല്ലച്ചയ്ക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത ബന്ധമായിരുന്നു. രാഷ്ട്രീയ ആദർശം ഉയർത്തിപ്പിടിച്ചു സേട്ട് സാഹിബ്, നാഷണൽ ലീഗ് രൂപീകരിച്ചപ്പോൾ സേട്ട് സാഹിബുമായി ആത്മബന്ധം സൂക്ഷിച്ചിരുന്ന അബ്ദുല്ല പടിഞ്ഞാറിന് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. പിൽക്കാലത്ത് നാഷണൽ ലീഗിന്റെ പ്രവാസി സംഘടനകളിൽ നിറഞ്ഞു നിന്നിരുന്ന അബ്ദുല്ല, കഴിഞ്ഞ കുറച്ചു വർഷങ്ങളായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില് സെറ്റിലായിരുന്നു.
നാട്ടിയിലെത്തിയിട്ടും വിശ്രമിക്കാനൊന്നും അബ്ദുല്ലച്ചയിലെ സംഘാടകൻ തയ്യാറായിരുന്നില്ല. കാസർഗോഡ് ടൗണിലെ മിക്ക സാംസ്കാരിക യോഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന പടിഞ്ഞാർച്ചാ കലാ സാംസ്കാരിക സംഘടനകൾക്കും ഉയർന്നു വരുന്ന കായിക പ്രതിഭകൾക്കും പ്രചോദനമായി നില കൊണ്ടു. സാമൂഹ്യ പ്രവർത്തനങ്ങൾക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെറ്റ് ലൈഫ് ഇൻഷൂറൻസ് കമ്പനിയിലും ജോലി ചെയ്ത് വന്നിരുന്നു.
സൗഹൃദത്തിന് ഏറെ വില കല്പിച്ചിരുന്ന അബ്ദുല്ലച്ച പ്രായ വ്യത്യാസമില്ലാതെ എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും ഇടപ്പെട്ടിരുന്നു. കായിക പ്രതിഭകളെയും എഴുത്തുകാരെയും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന അബ്ദുല്ല എല്ലാവരെയും ചേർത്ത് നിർത്തി പ്രചോദനം നൽകിയിരുന്നു. എന്റെ വാട്സാപ്പ് നമ്പർ മാറുമ്പോഴൊക്കെ ഫേസ്ബുക് മെസഞ്ചറില് വന്ന് വാട്സാപ്പ് നമ്പർ ചോദിച്ചു വാങ്ങി, എഴുത്തുകളെ പറ്റിയുള്ള അഭിപ്രായവും ഉപദേശങ്ങളും നൽകുമായിരുന്നു. ഇടയ്ക്കു ഒരു ഫേസ്ബുക് പോസ്റ്റ് ഉയർത്തിയ തീജ്വാല കെടുത്തി മയപ്പെടുത്താന് ഇടനിലക്കാരനായി പ്രവർത്തിച്ചതും സ്നേഹനിധിയായ അബ്ദുല്ലച്ച തന്നെ.
അബ്ദുല്ലച്ചയുടെ വിയോഗം കാസർഗോട്ടെ കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തീരാ നഷ്ടം തന്നെ. വിയോഗവാർത്ത അറിഞ്ഞ ഉടനെ തന്നെ കാസർഗോട്ടെ വിവിധ മേഖലയിലുള്ള തളങ്കര പടിഞ്ഞാറിലെ വീട്ടിലെത്തിയിരുന്നു. അസുഖ ബാധിതനായിരുന്ന മുൻ എം. എൽ. എ. യും മന്ത്രിയുമായിരുന്ന സി ടി അഹമ്മദലി അടക്കം രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ള പലരും ഒരു നോക്ക് കാണാനായി തളങ്കരയിലേക്കൊഴുകി. വിദൂരങ്ങളിൽ നിന്നുള്ള വിവിധ ജാതി മതസ്ഥരടങ്ങിയ സൗഹൃദ കൂട്ടായ്മയുടെ സാന്നിധ്യം അബ്‌ദുല്ലയുടെ സ്നേഹത്തിന്റെ പ്രതീകമായി തോന്നി.
ഫേസ്ബുക് സുഹൃത്തുക്കളായ പലരെയും ഇന്നലെ പരേതന്റെ വീട്ടില് വെച്ച് കാണാനിടയായി. ഹമീദ് കാവിലും ലത്തീഫ് ചെമനാടും മൊഗ്രാലിൽ നിന്ന് നിസാർച്ചയും ഖന്നച്ചയും ദുഃഖം കടിച്ചമർത്താനാവാതെ വിതുമ്പുന്ന കാഴ്ച്ച ഈറനണിയിച്ചു. കുറച്ചു കാലമായി അസുഖ ബാധിതനായിരുന്ന അബ്ദുല്ലയെ ഒരു അനുജനെ സ്നേഹിച്ചു പരിപാലിച്ചു വന്നിരുന്ന സലീം ചാല തന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ ഏകോപിച്ചു നടത്തി കൊണ്ട് വന്നതും. കൂടെപ്പിറപ്പിനെ പോലെയുള്ള ഒരാളെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും ക്ഷീണം മറന്നുള്ള ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ സൗഹൃദത്തിന്റെ മഹത്വം വാനോളമുയർത്തുന്നുണ്ടായിരുന്നു. നുണക്കുഴിയോടുള്ള ചിരിയും സ്നേഹത്തോടെയുള്ള ചേർത്ത് നിർത്തലും തലോടലും ഇനിയുണ്ടാവില്ലയെന്ന ചിന്ത അവരെപോലെ എനിക്കും വല്ലാത്ത നഷ്ടബോധമുണർത്തി. പരേതന് നിത്യ ശാന്തി നേർന്നു കൊണ്ട്…
ഒരിക്കൽ കൂടി ആദരാഞ്ജലികൾ ….
– സിദ്ദീഖ് പടപ്പിൽ