ദുബായ് എക്സ്പോയിലെത്തുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാം

ദുബായ് : ‘ എക്സ്പോ വീസ’യിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് യുഎഇ ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള നടപടികൾ ലളിതമാക്കി . ഇതിനായി എക്സ്പോയിൽ ആർടിഎ ഓഫിസ് തുറന്നു . സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും . ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള അന്തിമ ടെസ്റ്റിൽ ഇവർക്കു നേരിട്ടു പങ്കെടുക്കാമെന്ന് ലൈസൻസ് വിഭാഗം മേധാവി അബ്ദുല്ല അൽ അലി പറഞ്ഞു . വിജയിച്ചാൽ അന്നു തന്നെ ലൈസൻസ് ലഭിക്കും . നയതന്ത്ര വിഭാഗം ജീവനക്കാർക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറിൽ നിന്നു 10 ആക്കി . 5 പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാനാകും . ഡ്രൈവിങ് ചില രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് യുഎഇ ലൈസൻസ് ആവശ്യമില്ല . സൗദി , കുവൈത്ത് , ബഹ്റൈൻ , ഒമാൻ , ഖത്തർ , യുകെ , കാനഡ എന്നിവയടക്കം 34 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം . ഈ രാജ്യങ്ങളിൽ നിന്നു സന്ദർശക വീസയിലെത്തിയവർ യുഎഇ ലൈസൻസിന് അപേക്ഷിക്കേണ്ടതില്ല . താമസവീസയാണെങ്കിൽ ലൈസൻസ് വേണം .


