അബുദാബി: യു.എ.ഇ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികളാണ് അപേക്ഷിക്കാന്‍ ശ്രമിക്കുന്നത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ), ജി.ഡി.ആര്‍.എഫ്.എ വെബ് സൈറ്റുകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രേഖകള്‍ അപ്ലോഡ് ചെയ്താല്‍ ഏതു രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നേടാന്‍ സാധിക്കും.
നിരവധി പേര്‍ ഇതിനോടകം തന്നെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയെടുത്തിട്ടുണ്ട്. അതേസമയം, ചിലര്‍ വിസ എടുക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ പോലും സാധിച്ചില്ല. തുടര്‍ച്ചയായി രണ്ട് ദിവസം ശ്രമിച്ചപ്പോഴാണ് സൈറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിരവധി സംശയങ്ങളും നിലവനില്‍ക്കുന്നുണ്ട.്
അപേക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് പരിശോധിക്കാം…
smartservices.ica.gov.ae എന്ന് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. (ദുബൈ വിസ ആവശ്യമുള്ളവര്‍ www.gdrfad.gov.ae എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്). ഇതില്‍ ഇ -ചാനല്‍ എന്ന ഓപ്ഷന്‍ വഴി പ്രവേശിച്ചാല്‍ വിവിധ വിസകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. ഫൈവ് ഇയര്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നതും ഇവിടെ കാണാം. ഇതിലാണ് അപേക്ഷിക്കേണ്ടത്.
ഇതിന് മുന്‍പ് നാല് ഡോക്യുമെന്റുകള്‍ കൈവശം കരുതണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട്, ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, ഇന്‍ഷുറന്‍സ് എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പിയോ പി.ഡി.എഫോ അപ്‌ലോഡ് ചെയ്യണം.
താമസിക്കുന്ന രാജ്യത്തെ ബാങ്കിലെ ആറ് മാസത്തെ സ്‌റ്റേറ്റ്‌മെന്റാണ് സമര്‍പ്പിക്കേണ്ടത്. മൂന്ന് ലക്ഷം രൂപക്ക് സമാനമായ തുക ആറ് മാസത്തിനിടെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സ്‌റ്റേറ്റ്‌മെന്റ് മതി. ബാങ്കില്‍ പോയി നേരിട്ട് സീല്‍ ചെയ്ത് വാങ്ങണമെന്നില്ല. കൂടാതെ ഇന്റര്‍നാഷനല്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സിന്റെ കോപ്പിയും വേണം.
ഇത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. കൂടാതെ യു.എ.ഇയിലെ പരിചയക്കാരുടെ മേല്‍വിലാസം ചോദിക്കുന്നുണ്ട്. പരിചയക്കാര്‍ ഇല്ലെങ്കില്‍ യു.എ.ഇയില്‍ എത്തിയാല്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന ഹോട്ടലിന്റെ വിലാസം നല്‍കാം. ഇത്രയും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ പണം അടക്കാന്‍ കഴിയും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി പണം അടക്കാം. സബ്മിറ്റ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് തുടര്‍ ദിവസങ്ങളില്‍ വിസ സ്റ്റാറ്റസ് അറിയാന്‍ കഴിയും. അപ്രൂവ് എന്ന് കാണുന്നുണ്ടെങ്കില്‍ അതിനടുത്തുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിസ പ്രിന്റ് എടുക്കാം.