ഉപ്പള: കോവിഡ് മൂലം നിർത്തിവച്ച കണ്ണൂർ-മംഗളൂരു പാസഞ്ചറിന് പകരമായി പുതുതായി ഇതേ സെക്ഷനിൽ കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ച റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി. ഹൃസ്വദൂര യാത്രകൾക്കും പെട്ടെന്നുള്ള യാത്രകൾക്കും ദിവസേന യാത്ര ചെയ്യുന്നവർക്കും ഈ സർവീസ് വളരെ ഉപകാരപ്പെടുമെന്നും സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി വിലയിരുത്തി. കൂടാതെ കോവിഡ് കാരണം പ്രധാന സ്റ്റേഷനുകളിൽ ഒഴികെ നിർത്തിവെച്ച കൗണ്ടർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകളുടെ വിതരണവും റെയിൽവെ പുനരാരംഭിക്കും. റെയിൽവേയുടെ ഈ തീരുമാനത്തെയും കമ്മിറ്റി സ്വാഗതം ചെയ്തു. കമ്മിറ്റി ബന്ധപ്പെട്ട റെയിൽവെ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് കത്തയക്കുകയും ചെയ്തു. കൗണ്ടർ ടിക്കറ്റ് പുനരാരംഭിക്കുക വഴി പെട്ടെന്നുള്ള യാത്രക്കാർക്കുള്ള ടിക്കറ്റ് ലഭ്യതയും എളുപ്പത്തിലാകും. ഇത് കൂടുതൽ ആളുകളെ റെയിൽവെ വഴി യാത്ര ചെയ്യാൻ വീണ്ടും പ്രേരിപ്പിക്കും. ഇതു വഴി റെയിൽവേയുടെ വരുമാനവും വർദ്ധിക്കും.
കോവിഡ് ലോക്ക്ഡൗണിന് മുമ്പ് പാസഞ്ചർ ട്രെയിനിന് ഉണ്ടായിരുന്ന സ്റ്റോപ്പുകളിൽ നിന്ന് ചിറക്കൽ, ചന്തേര, കളനാട് എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകളെ ഒഴിവാക്കിയാണ് പുതിയ ട്രെയിൻ സർവീസ് റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ ആവശ്യാർത്ഥം ഇത് പുനസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ പഴയ ട്രെയിൻ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളിലെയും പ്രാരംഭ സമയത്തിനനുസൃതമായി 09:30 ന് മുമ്പേ എത്തിയിരുന്നു. ജനപ്രതിനിധികളുടെയും, പാസഞ്ചർ അസോസിയേഷനുകളുടെയും, യാത്രക്കാരുടെയും മറ്റും നിരന്തരമായ ആവശ്യപ്പെടലുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റേഷനുകളിൽ ആദ്യം വൈകിയെത്തിയിരുന്ന ഈ ട്രെയിൻ നേരത്തെയാക്കാൻ റെയിൽവെ തീരുമാനിച്ചത്. പുതിയ സർവീസിനും പഴയ സമയക്രമം തുടരണമെന്നും സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
റെയിൽവെ പ്രഖ്യാപിച്ച പുതിയ സമയക്രമം പ്രകാരം 30ന് രാവിലെ 07:40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ 09:45 ന് കുമ്പളയിലും 09:53ന് ഉപ്പളയിലും 10:02ന് മഞ്ചേശ്വരത്തും എത്തിച്ചേരും. ഇതൊരു 25 മിനുട്ട് നേരത്തെയെത്തും വിധം സമയക്രമം പുനക്രമീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 31ന് വൈകിട്ട് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 08:40ന് കണ്ണൂരിൽ എത്തിച്ചേരും. പന്ത്രണ്ട് ജനറൽ കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുമടക്കം അടങ്ങുന്നതാണ് പുതിയ ട്രെയിനിന്റെ ഘടന.
നിലവിൽ ഇരു ദിശകളിലേക്കും ഓടിക്കൊണ്ടിരിക്കുന്ന മലബാർ സ്പെഷ്യൽ എക്സ്പ്രസ്സ്, മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ്സ് സ്പെഷ്യൽ എന്നീ ട്രെയിനുകൾക്കും കൂടി അൺറിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അതോടൊപ്പം കണ്ണൂർ-മംഗളൂരു സെക്ഷനിൽ മെമു സർവീസ് ഉടനടി ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.