ഉപ്പള: ക്രമാതീതമായി ശോചനീയമായിക്കൊണ്ടിരിക്കുന്ന കുബണൂർ മാലിന്യ പ്ലാന്റിന്റെ സ്ഥായിയായ പ്രശ്‌നപരിഹാരം അഭ്യർത്ഥിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗ് നേതാക്കളുമായും ജനപ്രതിനിതികളുമായും ചർച്ച നടത്തി.
കുബണൂരിലെ മാലിന്യ പ്രശ്‌നം ഏറെ വഷളാവുകയും നിലവില്‍ ത്വരിതഗതിയിൽ തന്നെ പരിഹാരം കാണേണ്ട പ്രശ്‌നമായി അത് രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ എം എൽ എയെയും പഞ്ചായത്ത് ഭരണ സമിതിയെയും കോർഡിനേറ്റ് ചെയ്ത് ശാസ്ത്രീയമായ പദ്ധതികൾക്കുള്ള നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ടെന്നും അവ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും യോഗം ഉത്ഘാടനം ചെയ്ത മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ പറഞ്ഞു.
അടിയന്തരമായി നടപ്പാക്കാന്‍ കഴിയുന്ന ഒരു പ്ലാനും അതോടൊപ്പം തന്നെ ഭാവിമുന്‍നിര്‍ത്തിയുള്ള ബൃഹത്തായ ആസൂത്രണവും കൊണ്ട് മാത്രമേ കൂബണൂര്‍ മാലിന്യപ്ലാന്റിനെ ശാസ്ത്രീയമായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നും അതിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വകുപ്പ് മന്ത്രിയെയും ശുചിത്വ മിഷൻ ഡയറക്ടറേയും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫോള്ളോ അപ്പ് നടന്ന് വരുകയാണെന്നും മുഖ്യാതിഥിയായി സംബന്ധിച്ച എ കെ എം അഷ്‌റഫ് എം എൽ എ യോഗത്തെ അറിയിച്ചു.
പ്ലാന്റിന്റെ പരിസരവാസികള്‍ക്ക് ശുദ്ധവായു ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് കുബണൂരിൽ കുന്ന് കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള കരാർ നൽകിക്കഴിഞ്ഞതായും പഞ്ചായത്തിന് പുറത്ത് നിന്നുള്ള മാലിന്യങ്ങൾ ഇവിടെ എത്താതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചതായും മാലിന്യ മുക്ത മംഗൽപാടി സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ബോധവത്കരണവും വാർഡ് തോറും മാലിന്യം സംഭരിക്കാനുള്ള സംവിധാനവും ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ അറിയിച്ചു.
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംസീന ടീച്ചർ, മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് പി എം സലിം, ജനപ്രതിനിധികളായ ഗോൾഡൻ റഹ്മാൻ, പി കെ
ഹനീഫ്, നേതാക്കളായ ഉമ്മർ അപ്പോളോ, അബ്ദുല്ല മാധേരി, ഗോൾഡൻ മൂസ, ശാഹുൽ ഹമീദ് ബന്തിയോട്, ബി എം മുസ്തഫ, ഇർഷാദ് മള്ളങ്കൈ, പി വൈ ആസിഫ്, ഇബ്രാഹിം ബേരികെ, സുബൈർ കുബണൂർ, മുനീർ ബേരിക, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ എന്നിവർ സംസാരിച്ചു. റസാഖ് ബന്തിയോട് സ്വാഗതവും മുഹമ്മദ് കളായി നന്ദിയും പറഞ്ഞു.